എടപ്പാളിൽ അർധരാത്രി വീടുകൾക്ക് നേരെ ഡീസൽ ബോംബെറിഞ്ഞ യുവാവ് പിടിയിൽ
എടപ്പാൾ: അർധരാത്രിയിൽ ബിയർ കുപ്പിയിൽ ഡീസൽ നിറച്ച് കത്തിച്ചശേഷം വീടുകളിലേക്കെറിഞ്ഞ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ശുകപുരത്തെ വില്ലയിൽ താമസക്കാരനും വട്ടംകുളം സ്വദേശിയുമായ നിഖിൽ (27) നെയാണ് ഒരാഴ്ചയ്ക്കുശേഷം ചങ്ങരംകുളം എസ്.ഐ ജിതിൻ വാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
കഴിഞ്ഞ 19-ന് അർധരാത്രിയിലാണ് ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിന് സമീപമുള്ള വില്ലയിൽ താമസക്കാരായ രതി, പ്രസന്ന എന്നിവരുടെ വീടുകൾക്ക് നേരെ ഡീസൽ ബോംബെറിഞ്ഞത്. ബിയർ കുപ്പിയിൽ ഡീസൽ നിറച്ച് തിരിയിട്ട് കത്തിച്ചശേഷം എറിയുകയായിരുന്നു. കുപ്പി പൊട്ടി പടർന്ന തീയിൽ വീടിന് മുൻപിലെ ചെരുപ്പും ചെടികളും കത്തിനശിച്ചു. ശബ്ദവും തീയുംകണ്ട് ഭയന്ന വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. അന്ന് നാട്ടുകാർക്കൊപ്പം തിരച്ചിലിനും മറ്റും പ്രതിയും ഒന്നുമറിയാത്തപോലെ കൂടിയിരുന്നു.
വൈരാഗ്യത്തിന് കാരണം
സംഭവദിവസം പരാതിക്കാരായ സ്ത്രീകൾ താമസിക്കുന്നിടത്തുചെന്ന് മദ്യപിച്ച് ബോധമില്ലാതെ പ്രതിയുടെ അച്ഛൻ പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിനെതിരേ സ്ത്രീകളുടെ വീട്ടുകാർ ഇയാളെ താക്കീത് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. തന്റെ വീടിന്റെ ഫ്യൂസ് ഊരിക്കൊണ്ടുപോയത് രതിയുടെയും പ്രസന്നയുടെയും വീട്ടുകാരാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതി കൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു.
പിറ്റേദിവസം മുതൽ കാണാതായ ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വട്ടംകുളത്തെ ബന്ധുവീട്ടിൽ നിന്നും പ്രതി പിടിയിലായത്. തീ കത്തിക്കാനായി ഉപയോഗിച്ച തോർത്തുമുണ്ടിന്റെ അവശിഷ്ടങ്ങൾ, ഡീസൽ വാങ്ങിയ കുപ്പി, സിഗരറ്റ് ലൈറ്റർ എന്നിവ പ്രദേശത്തെ ഒരു പറമ്പിൽനിന്ന് തെളിവെടുപ്പിൽ കണ്ടെത്തി. ഡീസൽ വാങ്ങിയ പമ്പിലും പോലീസ് സംഘം തെളിവെടുപ്പ് നടത്തി.
English Summary
The Changaramkulam police have arrested a 27-year-old youth named Nikhil for allegedly throwing a diesel bomb at two houses in Sukapuram, Edappal. The incident took place at midnight on the 19th. The accused filled beer bottles with diesel and set them on fire before throwing them at the villas out of revenge. The police tracked him down through his mobile phone after he went into hiding the next day and recovered the materials used for the crime.