ദേശീയപാത 66-ലെ ആറുവരിപ്പാതയിൽനിന്ന് സർവീസ് റോഡുകളിലേക്ക് പ്രവേശിക്കുന്ന എക്സിറ്റുകളിലും തിരികെ പ്രവേശിക്കുന്ന എൻട്രികളിലും വാഹനങ്ങളുടെ നിയമലംഘനത്തിന് തടയിടാൻ റബർ സ്റ്റിക്കുകൾക്ക് പകരം കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിച്ചു തുടങ്ങി. നിയമലംഘനങ്ങൾക്ക് നേരെ കർശന നിലപാടുമായാണ് ദേശീയപാതാ അതോറിറ്റിയുടെ ഈ പുതിയ നീക്കം.
നേരത്തെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക്, റബർ സ്റ്റിക്കുകൾക്ക് മുകളിലൂടെ വാഹനങ്ങൾ ഓടിച്ചുകയറ്റിയും അവ തകർത്തും തെറ്റായ ദിശയിൽ പ്രവേശിക്കുന്നത് പതിവായിരുന്നു. ബസുകളും കാറുകളും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ റബർ സ്റ്റിക്കുകൾ തകർത്ത് കടന്നുപോകുമ്പോൾ, ഇരുചക്ര വാഹനങ്ങൾ ഇവയ്ക്കിടയിലൂടെ അപകടകരമായ രീതിയിൽ വെട്ടിച്ച് കടക്കുന്നതും പതിവായിരുന്നു.
നിയമലംഘനങ്ങൾ തടയാൻ പ്രദേശത്ത് എ.ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും വകവെയ്ക്കാതെ സർവീസ് റോഡിൽ നിന്നും പ്രധാന പാതയിലേക്കും തിരിച്ചും വാഹനങ്ങൾ റോങ് സൈഡിൽ കയറിവരുന്നത് വൻ അപകടങ്ങൾക്ക് വഴിവെച്ചിരുന്നു. തകരുന്ന റബർ സ്റ്റിക്കുകൾ പലതവണ പുതിയവ വെച്ച് മാറ്റിയെങ്കിലും ഡ്രൈവർമാർ ഇവ വീണ്ടും തകർത്തതോടെയാണ് ഏറെ ഭാരമുള്ള കോൺക്രീറ്റ് ഡിവൈഡറുകൾ തന്നെ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്.
പുതിയ കോൺക്രീറ്റ് ഡിവൈഡറുകൾ നിലവിൽ വരുന്നതോടെ തെറ്റായ ദിശയിലുള്ള വാഹനമോടിക്കൽ പൂർണമായി തടയാനും ദേശീയപാതയിലെ അപകടങ്ങൾ വലിയ അളവിൽ കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary
The National Highways Authority has begun installing heavy concrete dividers instead of rubber sticks at the entry and exit points of the NH 66 six-lane highway to prevent traffic violations. This strict measure was taken after motorists repeatedly destroyed the flexible plastic and rubber sticks to drive on the wrong side, bypassing AI cameras and causing severe accidents. The new concrete barricades are expected to curb wrong-side driving completely and enhance road safety.