തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും തീവ്രമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. അതിരാവിലെ പത്രവിതരണത്തിനും പാൽ വിതരണത്തിനും റബ്ബര്‍ ടാപ്പിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുറത്തിറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടി കിടക്കാൻ സാധ്യതയുണ്ട്.
വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കുന്നതോ അസ്വാഭാവികമായി താഴ്ന്നുകിടക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ യാതൊരു കാരണവശാലും അവയുടെ സമീപത്തേക്ക് പോകരുത്. ലൈനുകളില്‍ സ്പര്‍ശിക്കാനോ അവ നീക്കാന്‍ ശ്രമിക്കാനോ പാടില്ല. പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പിയില്‍ മാത്രമല്ല, അതിന്റെ സമീപ പ്രദേശങ്ങളിലും വൈദ്യുത പ്രവാഹമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത വേണം. പൊട്ടിയ വൈദ്യുതി ലൈന്‍ വെള്ളത്തില്‍ വീണുകിടക്കുകയാണെങ്കില് ആ വെള്ളത്തില്‍ സ്പർശിക്കരുത്.
ഇത്തരം സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ സമീപത്തെ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലോ കെ.എസ്.ഇ.ബിയുടെ അടിയന്തര സഹായ നമ്പറായ 94 96 01 01 01-ലോ വിവരം അറിയിക്കണം. കെ.എസ്.ഇ.ബി. ജീവനക്കാര്‍ സ്ഥലത്തെത്തി സുരക്ഷിതമാക്കുന്നതുവരെ മറ്റുള്ളവര്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വൈദ്യുതി തകരാര്‍ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 1912 എന്ന 24/7 ടോള്‍ഫ്രീ നമ്പരിലോ 9496001912 എന്ന വാട്സാപ് നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.
പൊട്ടിയ വൈദ്യുതി ലൈനില്‍ തട്ടി ആര്‍ക്കെങ്കിലും വൈദ്യുതാഘാതമേല്‍ക്കുകയാണെങ്കില്‍, അപകടത്തില്‍പ്പെട്ട വ്യക്തിയെ നേരിട്ട് സ്പര്‍ശിക്കരുത്. പകരം ഉണങ്ങിയ മുളയോ മരക്കമ്പോ പോലുള്ള വൈദ്യുതി കടത്തിവിടാത്ത വസ്തു ഉപയോഗിച്ച് ലൈനില്‍ നിന്ന് മാറ്റി, പ്രഥമ ശുശ്രൂഷ നല്കിയ ശേഷം എത്രയും വേഗം സമീപത്തെ ആശുപത്രിയിലെത്തിക്കണമെന്നും അധികൃതർ നിർദേശിച്ചു.
English Summary
Due to heavy rain and strong winds across the state, the Kerala State Electricity Board (KSEB) has issued a safety warning regarding snapped power lines. Early morning workers, including newspaper distributors and rubber tappers, are urged to exercise extreme caution. The public is strictly advised not to touch broken power lines or any stagnant water nearby. In case of an emergency, contact KSEB immediately at 9496010101, toll-free at 1912, or via WhatsApp at 9496001912. If someone is electrocuted, use a dry wooden or bamboo stick to separate them from the wire and seek immediate medical help.