പരപ്പനങ്ങാടി: തിരൂരങ്ങാടി, വള്ളിക്കുന്ന്, തിരൂർ, വേങ്ങര മണ്ഡലങ്ങളെ ഉൾപ്പെടുത്തി ഡിഗ്രി സൗജന്യ തുല്യതാ തുടർപഠന സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീന് കേരള ഡെവലപ്മെന്റ് ഫോറം (കെ.ഡി.എഫ്) നിവേദനം നൽകി. സാക്ഷരതാ മിഷൻ മുഖേന തുല്യതാ വിദ്യാഭ്യാസം പൂർത്തിയാക്കിയ പഠിതാക്കൾക്ക് ഉന്നത വിദ്യാഭ്യാസം തുടരുന്നതിനായി പരപ്പനങ്ങാടിയിൽ പഠനകേന്ദ്രം ആരംഭിക്കണമെന്നാണ് പ്രധാന ആവശ്യം.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി തുല്യതാ പഠനത്തിലൂടെ വിദ്യാഭ്യാസ യോഗ്യത നേടുന്ന നിരവധി പേർക്ക് സാമ്പത്തിക പരിമിതികൾ കാരണം തുടർപഠനം ഉപേക്ഷിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീ, അയൽക്കൂട്ടം അംഗങ്ങൾ, അംഗൻവാടി ടീച്ചർമാർ, കണ്ടിൻജന്റ് ജീവനക്കാർ, ആശാവർക്കർമാർ എന്നിവർക്ക് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഡിസ്റ്റൻസ് ലേണിംഗ് സംവിധാനത്തിലൂടെ ബിരുദ, ബിരുദാനന്തര പഠനം സാധ്യമാക്കാൻ ഈ കേന്ദ്രം ഉപകരിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വാർത്തയുടെ വീഡിയോ താഴെ കാണാം:
പരിസരപ്രദേശങ്ങളിൽ പഠനകേന്ദ്രങ്ങളില്ലാത്തതും ഫീസ് ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകളും പലർക്കും ഉന്നത വിദ്യാഭ്യാസത്തിന് തടസ്സമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ അർഹരായ പഠിതാക്കൾക്ക് സൗജന്യമായോ സർക്കാർ/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെയോ തുടർപഠന സൗകര്യം ഒരുക്കണമെന്നാണ് കെ.ഡി.എഫ് ആവശ്യപ്പെടുന്നത്.
നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പച്ചായി മൊയ്തീൻകുട്ടി, വാർഡ് മെമ്പർ ഫൈസൽ, കെ.ഡി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, മൻസൂർ കാരാടൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയത്.
English Summary
The Kerala Development Forum (KDF) submitted a memorandum to Education Minister Adv. N. Shamsudheen, requesting the establishment of a free Degree Equivalency Study Centre in Parappanangadi. The proposed center aims to cater to learners from Tirurangadi, Vallikkunnu, Tirur, and Vengara constituencies who have completed higher secondary equivalency courses through the State Literacy Mission. The memorandum highlighted the financial struggles of women, including Kudumbashree members, Anganwadi teachers, and Asha workers, urging the government and local bodies to provide free distance education opportunities through Sree Narayana Guru Open University.