തൃശ്ശൂർ: തൃശ്ശൂർ പുത്തൂർ സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ അഞ്ചംഗ സംഘത്തെ തൃശ്ശൂർ സിറ്റി പോലീസ് 12 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു. മാന്ദാമംഗലം ഒറ്റക്കുന്നിൽ വീട്ടിൽ അലോന (19), കല്ലൂർ അറങ്ങാശ്ശേരി വീട്ടിൽ ജോയൽ (20), മാന്ദാമംഗലം മുരിക്കിൻപാറ വാകക്കുഴിയിൽ വീട്ടിൽ ലിഷ (40), കൂർക്കഞ്ചേരി വടൂക്കര കളപ്പാട്ടിൽ വീട്ടിൽ ആഷിദ് (32), പാലക്കാട് യാക്കര ചടനാംകുറിശ്ശി മൈത്രിനഗർ അൻസാർ (26) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബർ 10-നായിരുന്നു കേസിനാസ്പദമായ സംഭവം. തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽനിന്ന് പുത്തൂർ സ്വദേശിയായ യുവാവും പെൺസുഹൃത്തായ അലോനയും ചേർന്ന് പാലക്കാട്ടേക്കു കാറിൽ യാത്ര തിരിച്ചു. യാത്രയിലുടനീളം യുവതി ഫോൺ വഴി മറ്റ് പ്രതികൾക്ക് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. തുടർന്ന് പാലക്കാട് കോട്ടയ്ക്കടുത്തുള്ള ഹോട്ടലിലെത്തിയ സംഘം യുവാവിനെ ആക്രമിക്കുകയും കാറിന്റെ താക്കോൽ, പേഴ്സ്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ യുവതിക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും പ്രതികൾ മൊബൈലിൽ പകർത്തി.
യുവാവിന്റെ പേഴ്സിലുണ്ടായിരുന്ന 9,000 രൂപയും ഗൂഗിൾ പേ വഴി 16,500 രൂപയും ഇവർ തട്ടിയെടുത്തു. രണ്ടു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങളും വീഡിയോകളും ഭാര്യയ്ക്ക് അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. ഭീഷണി തുടർന്നതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി യുവാവ് ഒല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഒല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് തൃശ്ശൂർ ഈസ്റ്റ് പോലീസിന് കൈമാറുകയും, സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടുകയുമായിരുന്നു. അസിസ്റ്റൻറ് കമ്മിഷണർമാരായ ടി.ആർ. രാജേഷ്, ബിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. നന്ദകുമാർ, സബ് ഇൻസ്പെക്ടർമാരായ ജീസ് മാത്യു, കെ.എസ്. ജയൻ, എ.എസ്.ഐ. യെസ്‌വി., സിവിൽ പോലീസ് ഓഫീസർമാരായ ജിനൂപ്, സൂരജ്, എം.എസ്. അജ്മൽ, ആദർശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
English Summary
Thrissur City Police arrested a five-member gang, including a 19-year-old girl, within 12 hours for honey-trapping a youth from Puthur. The gang lured the victim to a hotel in Palakkad, assaulted him, and seized his belongings. They captured compromising photos of him with the girl and extorted ₹25,500, threatening to send the visuals to his wife if he failed to pay an additional ₹2 lakh. Acting on the victim's complaint, a special investigation team quickly tracked down and apprehended the accused.