തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത. കേരളത്തിന് 1,280 മെഗാവാട്ട് വൈദ്യുതി നൽകുന്നതിൽനിന്ന് ഹിമാചൽ പ്രദേശ് പിന്മാറി. ഉയർന്ന നിരക്കുമായി ബന്ധപ്പെട്ട കരാർ രാജസ്ഥാൻ സ്വന്തമാക്കിയതോടെയാണ് ഹിമാചലിന്റെ പിന്മാറ്റമെന്നാണ് വിവരം.
അതേസമയം, രാത്രികാലങ്ങളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 2027 മാർച്ച് 30 വരെ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഹ്രസ്വകാല കരാറിന് അംഗീകാരം നൽകിയത്. ഇതനുസരിച്ച് അഞ്ച് കമ്പനികളിൽനിന്നായി പരമാവധി 270 മെഗാവാട്ട് വൈദ്യുതി വാങ്ങാനാകും.
യൂണിറ്റിന് 6.99 രൂപ മുതൽ പരമാവധി 10 രൂപ വരെ നൽകിയാണ് വൈദ്യുതി വാങ്ങാൻ അനുമതി. യൂണിറ്റിന് 10 രൂപയിൽ കൂടുതൽ നൽകുന്ന കരാറുകൾ ഒഴിവാക്കണമെന്ന കർശന നിർദേശത്തോടെയാണ് കമ്മീഷൻ അംഗീകാരം നൽകിയിരിക്കുന്നത്. രാത്രികാലങ്ങളിൽ സംസ്ഥാനത്ത് ഉയരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനാണ് ഈ നടപടി. പി.ടി.സി ഇന്ത്യ ലിമിറ്റഡ്, ആർ.പി.ജി പവർ ട്രേഡിങ് കമ്പനി ലിമിറ്റഡ് തുടങ്ങിയ കമ്പനികളിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്.
English Summary
Himachal Pradesh has backed out of a contract to supply 1,280 MW of electricity to Kerala after Rajasthan secured the deal with a higher rate, potentially worsening Kerala's power crisis. To mitigate nighttime power shortages, the State Electricity Regulatory Commission has permitted KSEB to purchase up to 270 MW of power from five companies through short-term contracts until March 30, 2027. The purchase rate is capped at a maximum of Rs 10 per unit.