കുറ്റിപ്പുറത്ത് പഞ്ചായത്ത് അംഗത്തെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെട്ടു. ബുധനാഴ്ച രാത്രി 9:30 ഓടെ ചെമ്പിക്കലിലെ വീടിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് അപകടം നടന്നത്.
രാത്രി അതുവഴി കടന്നുപോയ തീവണ്ടിയിലെ ലോക്കോ പൈലറ്റ് നൽകിയ അറിയിപ്പിനെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരും ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് ട്രാക്കിനരികിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
നിലവിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. കൂടാതെ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, ഐ.എൻ.ടി.യു.സി കുറ്റിപ്പുറം സെക്രട്ടറി, പാഴൂർ ജുമാമസ്ജിദ് സെക്രട്ടറി എന്നീ നിലകളിലും സജീവ സാന്നിധ്യമായിരുന്നു.
മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം പാഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
English Summary
Ahmed Kutty Chembikkal (51), the 21st ward member of Kuttippuram Grama Panchayat and a prominent Congress leader, was found dead after being struck by a train. The tragic incident occurred near his residence in Chembikkal on Wednesday around 9:30 PM. His body was discovered near the tracks following an alert from a passing train's loco pilot. He was serving as the Panchayat Welfare Standing Committee Chairman. The burial will take place at Pazhoor Juma Masjid Khabarsthan after the postmortem on Thursday.