എറണാകുളം: മഹാരാജാസ് കോളജില്‍ നടന്ന ബിരുദദാന ചടങ്ങിനിടെ ഉണ്ടായ എസ്‌എഫ്‌ഐ പ്രതിഷേധത്തില്‍ രൂക്ഷമായി പ്രതികരിച്ച് മന്ത്രി റോജി എം ജോണ്‍. ബിരുദം ഏറ്റുവാങ്ങാൻ കാത്തിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ എസ്‌എഫ്‌ഐ അലങ്കോലമാക്കാൻ ശ്രമിക്കരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇരുപത് മിനിറ്റോളം എസ്‌എഫ്‌ഐക്കാരുടെ മുന്നില്‍ തന്നെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് വേദി വിട്ടത്. പറയാനുള്ളത് പറഞ്ഞ് തീർക്കാതെ മഹാരാജാസ് കോളജിന്റേത് എന്നല്ല, ഒരു വേദിയില്‍ നിന്നും ഇറങ്ങുകയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ വാക്കുകൾ
"ഓരോ പ്രതിഷേധത്തിനും രാഷ്ട്രീയമായ വ്യക്തതയും സമരങ്ങള്‍ക്ക് ജനാധിപത്യപരമായ മര്യാദയും ഉണ്ടായിരിക്കണം. ഒരു പരിപാടിയില്‍ പ്രതിഷേധിക്കുമ്പോള്‍ അതിന്റെ ലക്ഷ്യവും കാരണവും കൂടെയുള്ള വിദ്യാർത്ഥികള്‍ക്ക് എങ്കിലും ബോധ്യപ്പെടണം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന വ്യക്തിയെന്ന നിലയില്‍, ജനാധിപത്യപരമായ പ്രതിഷേധങ്ങളെ എപ്പോഴും മാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചവരോട്, നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താമെന്നും ചടങ്ങ് ഭംഗിയായി പൂർത്തിയാക്കിയ ശേഷം ഏത് ചോദ്യത്തിനും മറുപടി തന്നിട്ടേ മടങ്ങൂ എന്നും വ്യക്തമായി പറഞ്ഞത്." മന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ വേദിക്ക് കിലോമീറ്ററുകള്‍ അകലെ നില്‍ക്കുന്നവരുടെ പോലും കറുത്ത വസ്ത്രവും കറുത്ത മാസ്കും അഴിപ്പിച്ച പിണറായിക്കാലമല്ല ഇന്ന് കേരളത്തിലുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചോദ്യങ്ങളോടോ, സമരങ്ങളോടോ ഭയമോ അസഹിഷ്ണുതയോ ഇല്ല. എന്നാല്‍ ആ കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷം തകർക്കാനുള്ള അഹന്തയ്ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കാൻ കഴിയില്ല. വിദ്യാർത്ഥികളുടെ ഭാവിക്കും കലാലയങ്ങളിലെ ജനാധിപത്യത്തിനും മേല്‍ ഒരു രാഷ്ട്രീയ കൊടിക്കും അഴിഞ്ഞാടാനുള്ള ലൈസൻസുമില്ലെന്നും റോജി എം ജോണ്‍ വ്യക്തമാക്കി.
English Summary
Minister Roji M John strongly reacted to the SFI protest that disrupted the graduation ceremony at Maharaja's College. Stating that he would not yield to threats, the minister criticized SFI for ruining the students' most cherished moments with political malice. He emphasized his respect for democratic protests but condemned the arrogance of disrupting a graduation event. He asserted that he stood his ground for 20 minutes to address the protesters before leaving the stage, adding that no political flag has the license to trample over campus democracy and students' futures.