വിവരാവകാശ പ്രവർത്തകൻ മജീദ് മൊല്ലഞ്ചേരിക്ക് നേരെ ആക്രമണം; അനധികൃത ക്വാറി മാഫിയക്കെതിരെ പ്രതിഷേധം ശക്തം
മലപ്പുറം: അനധികൃത ക്വാറി പ്രവർത്തനങ്ങൾക്കും പുഴയോരങ്ങളിലെ മണ്ണ് കൊള്ളയ്ക്കുമെതിരെ നിരന്തരം ശബ്ദമുയർത്തിവരുന്ന വിവരാവകാശ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ മജീദ് മൊല്ലഞ്ചേരിക്ക് നേരെ ആക്രമണം. അനധികൃത ക്വാറി പ്രവർത്തനങ്ങൾക്കെതിരായ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ഒരു സംഘം ആളുകൾ അദ്ദേഹത്തെ ആക്രമിച്ചത്. കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ ഇദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വസ്ത്രത്തിൽ രക്തക്കറകളോടെ വീൽചെയറിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്
മലപ്പുറം ജില്ലയിലെ അനധികൃത പാറമട പ്രവർത്തനങ്ങൾക്കും പുഴയോരങ്ങളിലെ മണ്ണ് കൊള്ളയ്ക്കുമെതിരെ വർഷങ്ങളായി വിവരാവകാശ നിയമം ഉപയോഗിച്ചും ദേശീയ ഹരിത ട്രൈബ്യൂണൽ ഉൾപ്പെടെയുള്ള നിയമവേദികളിലൂടെ ഇടപെട്ടും പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് മജീദ് മൊല്ലഞ്ചേരി. പരിസ്ഥിതി സംരക്ഷണത്തിനും നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങൾക്കെതിരായ നടപടികൾക്കുമായി അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്.
പൊതുതാൽപര്യ വിഷയങ്ങളിൽ വിവരാവകാശ നിയമം ഉപയോഗിച്ച് നിയമപരമായ ഇടപെടലുകൾ നടത്തുന്ന പ്രവർത്തകർക്കെതിരെ ആക്രമണമുണ്ടാകുന്നത് ജനാധിപത്യപരമായ ഇടപെടലുകളെയും പൗരാവകാശങ്ങളെയും ആശങ്കയിലാക്കുന്നതാണെന്ന് വിവരാവകാശ കൂട്ടായ്മ പ്രവർത്തകർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പ്രതിഷേധിച്ച് വിവരാവകാശ പ്രവർത്തകരായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, മുസ്തഫ മമ്പാട്, ഷംസു കോട്ടക്കൽ, എ.പി. അബൂബക്കർ മറ്റു നിരവധി പേർ രംഗത്തെത്തി.
ആക്രമണത്തിന് പിന്നിലുള്ളവരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യുക, മജീദ് മൊല്ലഞ്ചേരിക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കുക, സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം തുവ്വക്കടവ് അങ്ങാടിയിൽ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരവും സംഘടിപ്പിക്കുന്നുണ്ട്.
English Summary
RTI and environmental activist Majeed Mollanchery was brutally attacked in Malappuram, allegedly by the illegal quarry mafia. He sustained severe injuries and is currently hospitalized. Mollanchery has been a prominent voice against illegal mining and riverbed sand smuggling in the district. Various RTI activists and collectives have strongly condemned the attack, demanding immediate arrest of the culprits, police protection for the activist, and strict action against illegal quarries. A protest gathering has been scheduled at Thuvvakkadavu.