ജിദ്ദ: സാധാരണ പ്രവാസികളുടെ ഏക ആശ്രയമായ നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയം മൂന്നിരട്ടിയോളം വർദ്ധിപ്പിച്ച കേരള സർക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികൾ പ്രസ്താവിച്ചു.
പ്രവാസിക്ക് 8,101 രൂപയ്ക്കും കുടുംബത്തിന് 13,411 രൂപയ്ക്കും ലഭിച്ചിരുന്ന ഇൻഷൂറൻസ് ഇപ്പോൾ മൂന്നിരട്ടിയോളം തുക വർദ്ധിപ്പിച്ചതായിട്ടാണ് അറിയുന്നത്. ഗൾഫിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികൾക്ക് പോലും ഉപകാരപ്പെടുന്ന പദ്ധതിയായിരുന്നു ഇത്. യാതൊന്നും നീക്കിയിരിപ്പില്ലാത്ത സാധാരണ പ്രവാസിക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഒരു കൈത്താങ്ങായിരുന്ന പദ്ധതിയെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ് ഈ വർദ്ധനവെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.
കെ.എം.സി.സിയുടെ ആവശ്യങ്ങൾ
വർദ്ധിപ്പിച്ച പ്രീമിയം ഉടൻ പിൻവലിച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കണം, നോർക്ക കെയർ പദ്ധതി കൂടുതൽ സുതാര്യവും പ്രവാസി സൗഹൃദവുമാക്കണം, പ്രവാസി ക്ഷേമ പദ്ധതികളിൽ നിന്ന് സർക്കാർ ലാഭം ഉണ്ടാക്കാനുള്ള ശ്രമം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് കെ.എം.സി.സി മുന്നോട്ടുവെച്ചത്. പ്രവാസികളിൽ നിന്ന് കോടിക്കണക്കിന് രൂപ വിമാന ടിക്കറ്റ് നികുതിയായും മറ്റും വാങ്ങുന്ന സർക്കാർ, അവർക്ക് നൽകുന്ന ഒരേയൊരു ആനുകൂല്യം പോലും ഇല്ലാതാക്കിയിരിക്കുകയാണെന്ന് യോഗം വിലയിരുത്തി.
പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ച യോഗം സലീം മമ്പാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ജില്ലാ കെ.എം.സി.സിയുടെ പ്രതിഷേധവും ആവശ്യങ്ങളും വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് മെയിൽ അയക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ ഇല്യാസ് കല്ലിങ്ങൽ, കെ.കെ മുഹമ്മദ്, അബു കട്ടുപ്പാറ, മുസ്തഫ കോഴിശ്ശേരി, മുഹമ്മദ് യാസിദ് എ.പി, അഷ്റഫ് മുല്ലപ്പള്ളി, നൗഫൽ ഉള്ളാടൻ, സൈതലവി പുളിയക്കോട്, മജീദ് കള്ളിയിൽ എന്നിവർ സംസാരിച്ചു.
English Summary
The Jeddah Malappuram District KMCC has strongly protested the Kerala government's decision to hike the Norka Care Insurance premium by nearly three times. Calling it an anti-expat move, the KMCC leaders stated that the scheme was a crucial lifeline for low-wage expatriate workers in the Gulf. They demanded the immediate withdrawal of the hike and urged the government to make expat welfare schemes more transparent rather than profit-oriented. The committee will send a resolution via email to the Chief Minister.