കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം കൂട്ടുന്ന പ്രവൃത്തി അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിൽ പകൽസമയം റൺവേ അടച്ചിട്ട് ജോലി പൂർത്തിയാക്കാൻ തീരുമാനം. നവംബർ 15നു ശേഷമായിരിക്കും വിമാന സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തുക. ഏകദേശം 3 മാസത്തോളമാണ് ഭാഗികമായ റൺവേ അടച്ചിടൽ പ്രതീക്ഷിക്കുന്നത്.
കൃത്യമായ തീയതിയും 'നോട്ടാം' (നോട്ടിസ് ടു എയർമെൻ) പ്രഖ്യാപനവും വിമാനക്കമ്പനി അധികൃതരുമായുള്ള ചർച്ചകൾക്കു ശേഷം എയർപോർട്ട് അതോറിറ്റിയുടെ ഡൽഹി ആസ്ഥാനത്തുനിന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്നാണ് വിവരം. റൺവേയുടെ രണ്ടറ്റങ്ങളിലും മണ്ണിട്ട് ഉയർത്തി സുരക്ഷാ പ്രതലം 150 മീറ്റർ വീതം നീളം കൂട്ടുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിലവിൽ 90 മീറ്ററുള്ള റെസ, മാനദണ്ഡങ്ങൾക്കനുസരിച്ച് 240 മീറ്ററാക്കി വർധിപ്പിക്കുന്ന ജോലിയാണ് അന്തിമഘട്ടത്തിലുള്ളത്.
മണ്ണുമായെത്തുന്ന ടിപ്പർ ലോറികളും നിരപ്പാക്കൽ പ്രവൃത്തികൾക്കുള്ള മറ്റ് യന്ത്രസാമഗ്രികളും റൺവേയുടെ ഇരുവശങ്ങളിലുമുണ്ട്. റൺവേയുടെ നിരപ്പിനു മുകളിലേക്ക് ഇവ എത്തിയാൽ വിമാന സർവീസുകളെ ബാധിക്കും എന്നതിനാലാണ് പകൽ സമയത്ത് ഏതാനും മണിക്കൂറുകൾ റൺവേ അടച്ചിട്ട് ജോലി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പകൽ ഏകദേശം 4 മുതൽ 6 മണിക്കൂർ വരെയാണ് പ്രവൃത്തികൾക്കായി മാറ്റിവെക്കാൻ ഉദ്ദേശിക്കുന്നത്. കരിപ്പൂരിൽ ഉച്ചയ്ക്ക് ഒരു മണിക്കു ശേഷമാണ് വിമാനങ്ങളുടെ ലാൻഡിങ്ങും ടേക് ഓഫും താരതമ്യേന കുറവുള്ളത്. ഈ സമയത്തെ വിമാന സർവീസുകൾ മറ്റു സമയങ്ങളിലേക്കു മാറ്റുന്ന കാര്യമാണ് പ്രഥമ പരിഗണനയിലുള്ളത്.
കരിപ്പൂരിലെ സമയമാറ്റം മറ്റ് ആഭ്യന്തര, രാജ്യാന്തര സർവീസുകളെയും ബാധിക്കും എന്നതിനാൽ എയർപോർട്ട് അതോറിറ്റി ഡൽഹി കേന്ദ്രം ഇക്കാര്യങ്ങൾ സമഗ്രമായി പരിശോധിച്ച് വരികയാണ്. 2027 മാർച്ചിനു മുൻപ് റെസ വിപുലീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നിർമ്മാണ ജോലികൾ പൂർത്തിയാകുന്നതോടെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് വലിയ വിമാന സർവീസുകൾ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് മലബാറിലെ പ്രവാസികളും നാട്ടുകാരും.
English Summary
The Runway End Safety Area (RESA) extension work at Kozhikode International Airport (Karipur) is in its final stages. To complete the work, the runway will be partially closed during daytime for 4 to 6 hours, likely starting after November 15 for about three months. The RESA is being extended from 90 meters to 240 meters. Once the expansion is completed by March 2027, large aircraft services are expected to resume.