📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

അരിവില കുതിച്ചുയരുന്നു; ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 12 രൂപ വരെ വർദ്ധനവ്; കുടുംബ ബജറ്റുകൾ താളംതെറ്റുന്നു

📢 Published: IST 🔄 Updated: IST

അരിവില കുതിച്ചുയരുന്നു; ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 12 രൂപ വരെ വർദ്ധനവ്; കുടുംബ ബജറ്റുകൾ താളംതെറ്റുന്നു

കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനത്തിന്റെയും വിളവെടുപ്പ് കുറഞ്ഞതിന്റെയും പശ്ചാത്തലത്തിൽ പൊതുവിപണിയിൽ അരിവില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റുകൾക്ക് കനത്ത പ്രഹരമാകുന്നു. ഒരാഴ്ചയ്ക്കിടെ വിവിധയിനം സാധാരണ അരികൾക്ക് കിലോയ്ക്ക് നാല് രൂപ മുതൽ 12 രൂപ വരെയാണ് കൂടിയത്. ബിരിയാണി അരിക്ക് കിലോയ്ക്ക് 10 രൂപ മുതൽ 20 രൂപ വരെയും വർദ്ധിച്ചു. അരിക്കൊപ്പം നിത്യോപയോഗ സാധനങ്ങൾക്കും മസാലപ്പൊടികൾക്കും പച്ചക്കറികൾക്കും വില ഉയർന്നതോടെ അടുക്കളച്ചെലവ് ക്രമാതീതമായി വർദ്ധിക്കുകയാണ്.

ഒരാഴ്ച മുൻപ് കിലോയ്ക്ക് 50 രൂപയായിരുന്ന ജയ അരിയുടെ വില ഇപ്പോൾ 55 രൂപയായി ഉയർന്നു. സാധാരണക്കാരുടെ പ്രധാന ചോയിസായ പൊന്നി അരിക്ക് 60 രൂപയിൽനിന്ന് 68 രൂപയായും, പൊന്നി ചൂടി അരിക്ക് 65 രൂപയിൽനിന്ന് 78 രൂപയായും കുത്തനെ വില കൂടി. പൊന്നി ഫൈവ് സ്റ്റാർ അരിക്ക് 60 രൂപയിൽ നിന്ന് 68 രൂപയായി. വൈറ്റ് ആൻഡ് വൈറ്റ് അരിക്ക് 50 രൂപയിൽ നിന്ന് 56 രൂപയിലേക്കും, മന്തി അരിയുടെ വില കിലോയ്ക്ക് 140 രൂപയിലേക്കും എത്തിനിൽക്കുന്നു.

മലയാളികൾക്ക് പ്രിയങ്കരമായ ബിരിയാണി അരിയുടെ വിലയിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ജോക്കർ ബ്രാൻഡ് ബിരിയാണി അരിക്ക് കിലോയ്ക്ക് 80 രൂപയായിരുന്നത് 100 രൂപയായി ഉയർന്നു. മലബാർ, ത്രീമാൻ തുടങ്ങിയ പ്രീമിയം ബ്രാൻഡുകളുടെ ബിരിയാണി അരിക്ക് കിലോയ്ക്ക് 180 രൂപയിൽനിന്ന് 190 രൂപയായും വർദ്ധിച്ചു. ഇതോടെ ഹോട്ടൽ മേഖലയിലും കാറ്ററിംഗ് രംഗത്തും വലിയ ചെലവ് വർദ്ധനവുണ്ടാകും.

ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ പ്രധാന നെല്ലുൽപ്പാദക സംസ്ഥാനങ്ങളിലുണ്ടായ കടുത്ത വരൾച്ചയും എൽ നിനോ പ്രതിഭാസം മൂലമുണ്ടായ ഉൽപ്പാദനക്കുറവുമാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിന് വഴിവെച്ചത്. സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയായ സപ്ലൈകോ വഴി ആവശ്യത്തിന് സബ്സിഡി അരിയും അവശ്യസാധനങ്ങളും വിതരണം ചെയ്ത് കരിഞ്ചന്തയും വിലക്കയറ്റവും തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.

English Summary

Rice prices are soaring in the open market due to climate change and reduced crop yields, severely affecting the family budgets of common people. The price of normal rice has increased by Rs 4 to Rs 12 per kg within a week, while Biryani rice prices hiked by Rs 10 to Rs 20. The sudden price rise is attributed to severe droughts in major rice-producing states like Andhra Pradesh, Karnataka, and Maharashtra. Consumers are urging the government to intervene immediately through Supplyco to control prices and curb black marketing.

Join WhatsApp Group Send News / Ads