കുന്ദമംഗലം: സംസ്ഥാന സ്കൂൾ കായികമേളയിൽ 114 പോയിന്റുമായി മലപ്പുറം ജില്ലയുടെ കുതിപ്പ് തുടരുന്നു. 100.5 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 68 പോയിന്റുമായി ആലപ്പുഴ മൂന്നാം സ്ഥാനത്തുമാണ്. 59 പോയിന്റുമായി തിരുവനന്തപുരം നാലാം സ്ഥാനത്തും ആതിഥേയരായ കോഴിക്കോട് ജില്ല 37 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.
ട്രാക്കിൽ റെക്കോർഡ് തിളക്കം
സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ആലപ്പുഴ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിലെ അനാമിക അജേഷ് മീറ്റ് റെക്കോർഡോടെ സ്വർണം നേടി. 13.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത അനാമിക, 2018-ൽ അപർണ റോയ് സ്ഥാപിച്ച 13.85 സെക്കൻഡിന്റെ റെക്കോർഡാണ് തിരുത്തിക്കുറിച്ചത്.
സ്കൂൾ തലത്തിൽ കടകശ്ശേരിക്ക് മുന്നേറ്റം
സ്കൂൾതല പോയിന്റ് നിലയിൽ 35 പോയിന്റുമായി മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 21 പോയിന്റ് വീതവുമായി വി.എം.എച്ച്.എസ്.എസ് വടവന്നൂരും കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂരും തൊട്ടുപിന്നിലുണ്ട്.
കൊടിയത്തൂരിലെ സോഫ്റ്റ്‌ബോൾ, ബേസ്ബോൾ കോർട്ടുകൾ, പെരുവയലിലെ നെറ്റ്‌ബോൾ കോർട്ട്, കുന്ദമംഗലത്തെ വടംവലി വേദി, ദേവഗിരിയിലെ ബാഡ്മിന്റൺ കോർട്ട് എന്നിവിടങ്ങളിൽ ആവേശകരമായ മത്സരങ്ങളാണ് നടക്കുന്നത്. ചാത്തമംഗലത്തെ യോഗ മത്സരങ്ങളും സിൽവർ ഹിൽസ്, പ്രസന്റേഷൻ സ്കൂളുകളിലെ ബാസ്കറ്റ്‌ബോൾ മത്സരങ്ങളും ശ്രദ്ധേയമായി.
English Summary
Malappuram district is currently leading the Kerala State School Sports Meet with 114 points, followed by Palakkad (100.5 points) and Alappuzha (68 points). Anamika Ajesh from Alappuzha secured gold with a new meet record in the Senior Girls' 100m hurdles, finishing in 13.69 seconds. In the school-level points table, Ideal EHSS Kadakassery (Malappuram) is in the first position with 35 points.