തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ചെമ്മാട് ടൗൺ വീതി കൂട്ടി നവീകരിക്കുന്നതിനുള്ള സാധ്യതാ പഠനത്തിന് ഭരണാനുമതി ലഭിച്ചതായി പി.എം.എ. സമീർ എം.എൽ.എ. അറിയിച്ചു. ചെമ്മാട് നഗരവികസനത്തിന് നിർണായക ചുവടുവെപ്പാണ് ഈ പദ്ധതി. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ തുടർനടപടികൾക്ക് ഇതോടെ വഴിതുറന്നു.
ചെമ്മാട് ടൗണിന്റെ വികസനവുമായി ബന്ധപ്പെട്ട് നേരത്തെ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പി.എം.എ. സമീർ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തിയിരുന്നു. ടൗണിലെ നിലവിലെ റോഡ് സൗകര്യങ്ങൾ, ഗതാഗതത്തിരക്ക്, റോഡിന്റെ വീതി വർധിപ്പിക്കേണ്ട ഭാഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ പരിശോധനയുടെ ഭാഗമായി വിലയിരുത്തിയിരുന്നു. പദ്ധതി പ്രാവർത്തികമാക്കുന്നതിനായി ആവശ്യമായ അലൈൻമെന്റ് തയ്യാറാക്കുന്നതിനും നവീകരണ പ്രവർത്തനങ്ങളുടെ സാധ്യതകൾ വിശദമായി പരിശോധിക്കുന്നതിനും സാധ്യതാ പഠനം അനിവാര്യമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ വിശദമായ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കുകയും പ്രസ്തുത പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിൽ സാധ്യതാ പഠനത്തിനുള്ള ഭരണാനുമതി ലഭിക്കുകയുമായിരുന്നു. സിറ്റി ജംഗ്ഷൻ വൈഡനിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെമ്മാട് ടൗൺ നവീകരണം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. സാധ്യതാ പഠനത്തിലൂടെ പദ്ധതിയുടെ സാങ്കേതിക വശങ്ങൾ പരിശോധിച്ച് ആവശ്യമായ അലൈൻമെന്റ് തയ്യാറാക്കുന്നതിനും തുടർനടപടികൾക്ക് രൂപം നൽകുന്നതിനും സാധിക്കും.
ഭരണാനുമതി ലഭിച്ച സാഹചര്യത്തിൽ പദ്ധതിയുടെ രൂപരേഖ അടിയന്തരമായി തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്ന് പി.എം.എ. സമീർ എം.എൽ.എ. അറിയിച്ചു. തുടർനടപടികൾ വേഗത്തിലാക്കി പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സാധ്യതാ പഠനവും തുടർനടപടികളും പൂർത്തിയാകുന്നതോടെ ടൗണിന്റെ സമഗ്ര നവീകരണത്തിന് ആവശ്യമായ പദ്ധതിക്ക് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിപ്പോർട്ട്: അഷ്റഫ് കളത്തിങ്ങൽ പാറ
English Summary
Administrative sanction has been granted for the feasibility study to widen and renovate Chemmad town in the Tirurangadi constituency, aimed at solving traffic congestion and improving infrastructure. P.M.A. Sameer MLA stated that the project is included under the City Junction Widening Scheme. Officials have been directed to urgently prepare the project blueprint to accelerate further proceedings.