വേങ്ങര: വേങ്ങര ടൗണിൻ്റെ സമഗ്രമായ നിലനിൽപ്പും വികസനവും വ്യാപാരികളുടെ മാത്രം ആവശ്യമല്ലെന്നും അത് ഈ നാട്ടിലെ മുഴുവൻ ജനങ്ങളുടെയും ആവശ്യമാണെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് പ്രസിഡന്റ് സൈനുദ്ധീൻ ഹാജി പ്രസ്താവിച്ചു.
വെറുമൊരു പാലം നിർമ്മിച്ചതുകൊണ്ട് മാത്രം വേങ്ങരയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകില്ലെന്നും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരികൾ വികസനത്തിന് എതിരല്ലെന്നും എന്നാൽ നാട്ടുകാർക്കും വ്യാപാരികൾക്കും ദോഷകരമാകുന്ന പദ്ധതിക്ക് പകരം ബൈപ്പാസ് നിർമ്മിക്കുകയാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടര കിലോമീറ്റർ നീളത്തിൽ ഓവർബ്രിഡ്ജ് നിർമ്മിച്ചാലും വലിയ 5 പ്രധാന റോഡുകളും ചെറിയ റോഡുകളും അടക്കം 23-ഓളം റോഡുകളാണ് വേങ്ങര ടൗണിലേക്ക് വന്നുചേരുന്നത്. ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുവരുന്ന ഈ റോഡുകളിലെ ഗതാഗതം പാലം വഴി തിരിച്ചുവിടാൻ സാധിക്കില്ല. ദീർഘദൂര യാത്രക്കാർക്ക് മാത്രമാണ് പാലം കൊണ്ട് പ്രയോജനമുണ്ടാവുക. പ്രദേശവാസികളുടെയും സമീപ റോഡുകളിൽ നിന്നുവരുന്ന വാഹനങ്ങളുടെയും ആശ്രയം പാലത്തിന് താഴെയുള്ള സർവീസ് റോഡുകൾ മാത്രമായിരിക്കും.
പാലത്തിന്റെ തൂണുകൾ (ഫില്ലറുകൾ) നിലവിലെ റോഡിൽ വരുന്നതോടെ റോഡിന്റെ വീതി കൂടുതൽ കുറയുകയും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്യും. ഇത് ഓവർബ്രിഡ്ജ് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നതിൻ്റെ തെളിവാണ്. കൂടാതെ, ഓവർബ്രിഡ്ജ് നിർമ്മാണം നടക്കുമ്പോൾ ഏകദേശം നാല് വർഷത്തോളം റോഡിൽ ജോലി സാവധാനത്തിലാവുകയും ഇത് പ്രദേശത്തെ കച്ചവടക്കാരെയും ടാക്സി തൊഴിലാളികളെയും ചുമട്ടുതൊഴിലാളികളെയും കടുത്ത ദുരിതത്തിലാക്കുകയും ചെയ്യും.
സ്ഥലമെടുപ്പ് ഘട്ടത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിച്ചാൽ ബൈപ്പാസ് നിർമ്മാണം പ്രദേശത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് വലിയ രീതിയിൽ കാരണമാകും. ഭാവിയുടെ വികസനം കൂടി മുന്നിൽ കണ്ടാണ് ബൈപ്പാസ് ആണ് വേങ്ങരയ്ക്ക് അനുയോജ്യം എന്ന് വ്യാപാരികൾ ഉന്നയിക്കുന്നത്. ചില രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നത് പോലെ വ്യാപാരികൾ വികസന വിരോധികളല്ല. വെറും കമ്മീഷൻ ലക്ഷ്യമിട്ട് 240 കോടിയോളം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതികൊണ്ട് ആർക്കാണ് പ്രയോജനമെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും സൈനുദ്ധീൻ ഹാജി വ്യക്തമാക്കി.
English Summary
Merchants in Vengara have expressed strong opposition to the proposed overbridge project, arguing that it will cause more harm than good to the town. Kerala Vyapari Vyavasayi Ekopana Samithi (KVVES) Vengara unit president Zainuddin Haji stated that merchants are not anti-development, but a bypass is a more permanent and beneficial solution than a 2.5 km overbridge. They pointed out that the bridge pillars would reduce the existing road width, worsening traffic for local commuters and destroying local businesses during the estimated 4-year construction period.