കോഴിക്കോട്: ഖത്തർ അൽ തുമാമയിലെ കെ എം സി സി ഓഫീസിൽ നിന്ന് 2025 സെപ്റ്റംബർ 18ന് 31 ലക്ഷം ഖത്തർ റിയാൽ (ഏകദേശം 8.5 കോടി രൂപ) കവർച്ച ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ബി ജെ പി പ്രവർത്തകൻ പോലീസിൽ കീഴടങ്ങി. കൊയിലാണ്ടി കൊല്ലം സ്വദേശിയും ബി ജെ പി പ്രാദേശിക നേതാവുമായ ബാലകൃഷ്ണനാണ് കോഴിക്കോട് പോലീസിൽ കീഴടങ്ങിയത്.
ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയെന്നും അവിടെയെത്തിയ ശേഷം കെ എം സി സി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ഇയാൾക്ക് നിർദ്ദേശം ലഭിക്കുകയായിരുന്നുവെന്നുമാണ് പോലീസിന് നൽകിയ പ്രാഥമിക മൊഴി. തന്നെ ഭീഷണിപ്പെടുത്തിയാണ് ഇത് ചെയ്യിപ്പിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
സംഭവത്തിന് പിന്നിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കീഴടങ്ങിയ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെക്കുറിച്ചും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ബോംബെ ഷാജി, റാഷി, സാലിഹ് എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരുൾപ്പെടെ ആറ് പ്രതികളാണ് കേസിൽ ഉള്ളത്. ഇവരെ പിടികൂടാനുള്ള അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുന്നുണ്ട്. പ്രവാസലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ഈ സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.
English Summary
A local BJP leader from Koyilandy, Balakrishnan, has surrendered to the Kozhikode police in connection with the theft of 31 lakh Qatari Riyals (approx. ₹8.5 crore) from the Qatar KMCC office in Al Thumama in September 2025. He stated that he was taken to Qatar with a job offer but was later forced under threat to use a gas cutter to break open the office's strongroom. Police suspect a larger conspiracy and are actively searching for five other accused in the case.