തിരുവനന്തപുരം: ചേരാനല്ലൂരിൽ 17-കാരൻ അമിതവേഗത്തിലോടിച്ച കാറിടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നടപടികളുമായി ആഭ്യന്തരവകുപ്പ്. അന്വേഷണത്തിലെ ഗുരുതര വീഴ്ചകളെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. പകരം ആർ. നിശാന്തിനിക്കാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് നടപടി. സംഭവത്തിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് സി.ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റി പൊലീസ് കമ്മിഷണർക്കെതിരെയും നടപടിയുണ്ടായത്.
അപകടമുണ്ടാക്കിയ പ്ലസ് വൺ വിദ്യാർഥിക്ക് ജാമ്യം ലഭിക്കാനാകുന്ന വകുപ്പുകൾ ഉൾപ്പെടുത്തി ആദ്യം കേസെടുത്തത് ഗുരുതര വീഴ്ചയാണെന്ന് എ.ഡി.ജി.പി പി. വിജയൻ ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ എന്ന നിലയിൽ സംഭവത്തിൽ ഇടപെടുന്നതിൽ കാളിരാജ് മഹേഷ് കുമാറിന് വീഴ്ചയുണ്ടായെന്ന് രഹസ്യാന്വേഷണവിഭാഗവും കണ്ടെത്തി. പ്രതി ജഡ്ജിയുടെ മകനായ സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സമ്മർദമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കമ്മിഷണർ ശക്തമായ ഇടപെടൽ നടത്തേണ്ടിയിരുന്നുവെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ.
സംഭവത്തിൽ പ്രതിക്ക് പെട്ടെന്ന് തന്നെ ജാമ്യം ലഭിച്ചത് പൊലീസിന്റെ ഒത്തുകളിയാണെന്ന് വിമർശനം ഉയരുകയും നിയമസഭാ സമ്മേളനം നടക്കുമ്പോൾ സർക്കാരിനെയും ആഭ്യന്തരവകുപ്പിനെയും അത് വലിയ പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി ഡി.ജി.പിയുമായി സംസാരിച്ച് അടിയന്തര നടപടിക്ക് നിർദേശിച്ചത്.
English Summary
In a strong disciplinary move following the Cheranalloor car accident where a 17-year-old son of an Additional Judge fatally knocked down a street vendor, the Home Department has transferred Kochi City Police Commissioner Kaliraj Mahesh Kumar. R. Nishanthini has been appointed as the new Commissioner. The action comes after intelligence and ADGP reports highlighted severe lapses from the higher-ups in managing the case, leading to the early bail of the accused.