തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനായ ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ പൊലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ കേസില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
സംഭവം ഉണ്ടായ രാത്രി ടി.ജെ വിനോദ് എം.എല്‍.എയാണ് ഫോണില്‍ വിളിച്ച് ആദ്യം വിവരം പറയുന്നത്. അതറിഞ്ഞ ഉടന്‍ തന്നെ വിവരം തിരക്കിയപ്പോള്‍ കുറ്റകരമായ നരഹത്യ എന്ന വകുപ്പ് ചേര്‍ത്തിട്ടില്ലെന്ന് മനസ്സിലായി. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഡി.ജി.പിയോട് ചോദിച്ചു. പൊലിസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും സര്‍ക്കാരിനില്ലെന്നും കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചതില്‍ പൊലിസിന് വീഴ്ച്ചയുണ്ടായെന്ന് തുറന്നുപറയാന്‍ മടിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ജഡ്ജിയുടെ മകനല്ല, ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട ജയപാലകൃഷ്ണന്റെ മൃതശരീരം അടക്കുന്നതിന് മുന്‍പ് പ്രതിക്ക് ജാമ്യം കൊടുത്ത നടപടിയെ ആഭ്യന്തരമന്ത്രി അപലപിച്ചു. പത്ത് വര്‍ഷം ആഭ്യന്തരമന്ത്രിയായിരുന്ന ആളാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹം ഒരിക്കലും പൊലിസിന്റെ വീഴ്ച സമ്മതിച്ചിട്ടില്ല. ഇന്നുതന്നെ മരിച്ചയാളിന്റെ വീട് സന്ദര്‍ശിക്കണമെന്ന് എ.ഡി.ജി.പി പി.വിജയന് ഐ.പി.എസ്സിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തില്‍ ജയബാലകൃഷ്ണന്‍ മരിച്ചതിനെത്തുടര്‍ന്ന് പൊലിസ് സ്വീകരിച്ച നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച കുടുംബം നീതി ആവശ്യപ്പെട്ട് പൊലിസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ജഡ്ജിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കേസില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് രാത്രി ഒന്പതിനു ശേഷം പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചു.
English Summary
The Home Minister, Ramesh Chennithala, admitted that the police committed lapses in the investigation into the Cheranallur car accident that claimed the life of Jayabalakrishnan. Replying to an adjournment motion in the Assembly, the minister emphasized that the law is equal for everyone, regardless of their family background, and condemned the police for granting bail to the accused before the victim's burial. Following assurances of strict action, the victim's family temporarily called off their protest.