| കാന്തപുരം അബൂബക്കർ മുസ്ലിയാരും പികെ കുഞ്ഞാലിക്കുട്ടിയും (ഫയൽ ചിത്രം ) |
വഖഫ് ബോർഡ് തർക്കം: കാന്തപുരം വിഭാഗത്തെ അനുനയിപ്പിക്കാൻ ലീഗ്; പി.കെ. കുഞ്ഞാലിക്കുട്ടി ഉടൻ ചർച്ച നടത്തും
മലപ്പുറം: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയെച്ചൊല്ലി ഉയർന്ന കടുത്ത പ്രതിഷേധങ്ങൾക്കിടെ, ഇടഞ്ഞുനിൽക്കുന്ന കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ വിഭാഗത്തെ അനുനയിപ്പിക്കാൻ മുസ്ലിം ലീഗ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായി ഉടൻ നേരിട്ട് ചർച്ച നടത്തിയേക്കും.
ഇന്ന് ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും തിരക്കുകൾ കാരണം സാധിച്ചില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഒരു വിഭാഗത്തെയും ബോർഡിൽ നിന്നും മനഃപൂർവം ഒഴിവാക്കിയിട്ടില്ലെന്നും കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
അതേസമയം, പ്രശ്നപരിഹാരത്തിനായി മുസ്ലിം ലീഗ് വിളിച്ചുചേർത്ത പ്രമുഖ മതസംഘടനകളുടെ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് എ.പി വിഭാഗം. വഖഫ് പുനഃസംഘടനയിൽ ശക്തമായ അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. നാമമാത്രമായ വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നവർക്ക് ബോർഡിൽ പ്രാതിനിധ്യം നൽകിയപ്പോൾ, സുന്നി വിഭാഗത്തെ പാടെ നോക്കുകുത്തിയാക്കിയെന്ന് കേരള മുസ്ലിം ജമാഅത്ത് നേതാക്കൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സുന്നികൾക്ക് അർഹമായ അവസരം നൽകിയിരുന്നെങ്കിൽ അത് മുസ്ലിം ലീഗിനും രാഷ്ട്രീയമായി നേട്ടമാകുമായിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
അർഹമായ പ്രാതിനിധ്യം നൽകാമെന്ന് മുൻപ് മുഖ്യമന്ത്രി ഉറപ്പുനൽകിയതാണെന്നും സർക്കാരിന് ഇനിയും നല്ല തീരുമാനങ്ങൾ എടുക്കാൻ സമയമുണ്ടെന്നും നേതാക്കൾ പറഞ്ഞു. ഇരു സമസ്തകളെയും കബളിപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്നും, സുന്നികൾ ലീഗുമായി കലഹിക്കണമെന്ന് ആഗ്രഹിക്കുന്ന ചില അസുന്നി ശക്തികൾ ലീഗ് നേതൃത്വത്തിലുണ്ടെന്നും, നേതൃത്വം ഇത്തരക്കാർക്ക് വഴങ്ങരുതായിരുന്നുവെന്നും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി രൂക്ഷമായി പ്രതികരിച്ചു.
വഖഫ് ബോർഡ് പുനഃസംഘടനയിലെ അവഗണനയിലും നീതിനിഷേധത്തിലും പ്രതിഷേധിച്ച് വ്യാഴാഴ്ച കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിലേക്ക് വമ്പിച്ച പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
English Summary
The Muslim League has initiated efforts to pacify the Kanthapuram faction following widespread protests over the reorganization of the State Waqf Board. Muslim League National General Secretary P.K. Kunhalikutty is expected to hold direct talks with Kanthapuram A.P. Aboobacker Musliyar soon. While Kunhalikutty assured that no one was deliberately excluded, the AP faction has decided to boycott the meeting called by the League. Expressing severe dissatisfaction over being ignored despite being a major stakeholder, the Kerala Muslim Jamaat announced a massive protest march to the Malappuram Collectorate on Thursday.