തമിഴ്‌നാട്: തമിഴ്നാട്ടിൽ അതിതീവ മഴയ്ക്ക് സാധ്യത. 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തേനി, മധുര, ഡിണ്ടിഗൽ ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 14 ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു.
കൊടൈക്കനാലിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
കൊടൈക്കനാൽ മേഖലയിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. വിനോദസഞ്ചാരികളും പൊതുജനങ്ങളും കൊടൈക്കനാൽ മേഖലയിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്‌ടർ ദുർഗ മൂർത്തി നിർദേശിച്ചു. ഗുണ കേവ്, പൈൻ ഫോറസ്റ്റ്, പില്ലർ റോക്ക്‌സ്, മോയിർ പോയിന്റ്, മന്നവനൂർ, ബ്രയൻ്റ് പാർക്ക്, കോക്കേഴ്സ് വാക്ക്, സിൽവർ കാസ്കേഡ് വെള്ളച്ചാട്ടം, ബെരിജാം തടാകം, ഗ്രീൻ വാലി വ്യൂ, ഡോൾഫിൻസ് നോസ്, പാംബാർ വെള്ളച്ചാട്ടം എന്നിവ പൂർണമായി അടച്ചു.
ഊട്ടിയിലും നിയന്ത്രണം
കോയമ്പത്തൂർ നീലഗിരി ജില്ലയിൽ കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീഴുന്നതും മണ്ണിടിയുന്നതും തുടരുന്നതിനാൽ അടുത്ത 3 ദിവസത്തേക്ക് ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കലക്ടർ ലക്ഷ്മിഭവ്യ തന്നീരു നിർദേശിച്ചു. വൈകിട്ട് 6 മുതൽ രാവിലെ 7 വരെ യാത്ര നിരോധിച്ചു. സർക്കാർ ബസുകളും ഓടില്ല. മേട്ടുപ്പാളയം - കൂനൂർ പാത ചൊവ്വാഴ്ച രാവിലെ വരെ പൂർണമായി അടച്ചിടും. മേട്ടുപ്പാളയം - കോത്തഗിരി വഴി പകൽസമയം നിയന്ത്രണങ്ങളോടെ കടത്തിവിടും. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാൻ തീരുമാനിച്ചു. അത്യാവശ്യത്തിനല്ലാതെ രാത്രി പുറത്തിറങ്ങരുതെന്നു ജില്ലയിൽ താമസിക്കുന്നവരോടു നിർദേശിച്ചിട്ടുണ്ട്.
English Summary
A red alert for heavy rain has been issued in the Theni, Madurai, and Dindigul districts of Tamil Nadu. Due to the high risk of landslides and tree falls, all tourist destinations in Ooty and Kodaikanal have been completely closed. District Collectors have strongly advised tourists and the public to avoid traveling to these hill stations for the next few days. Night travel bans and road closures have also been implemented in the Nilgiris district.