ന്യൂദൽഹി: 1940-കളിലെ മുസ്ലിം ലീഗ് അല്ല ഇപ്പോഴുള്ളതെന്നും തികഞ്ഞ മതേതര സമീപനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പുലർത്തുന്നതെന്നും വി.ഡി സതീശൻ. ദി ഇന്ത്യൻ എക്സ്പ്രസിന്റെ 'എക്സ്പ്രസ് അഡ' സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദുർബലമായാൽ ആ ഇടം തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ഏറ്റെടുക്കും. ഇത്തരം തീവ്രവാദ സംഘടനകളെ തടയുന്നതിൽ മുസ്ലിം ലീഗിന് വലിയ പങ്കുണ്ട്. അവരുടെ മതേതര നിലപാട് കാരണമാണ് ലീഗിന്റെ സ്ഥാനാർഥികൾക്ക് വലിയ തോതിൽ ഹിന്ദു, ക്രിസ്ത്യൻ വോട്ടുകൾ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ഉറച്ച മതേതര നിലപാടാണ് സ്വീകരിച്ചത്. ഭൂരിപക്ഷ സമുദായത്തിലെ ഒരു നേതാവ് വിദ്വേഷപ്രചാരണം നടത്തിയപ്പോൾ ശക്തമായി എതിർത്തു. വോട്ട് കാണിച്ച് സമ്മർദ്ദത്തിലാക്കാമെന്നാണ് വിചാരിക്കുന്നതെങ്കിൽ ആ വോട്ട് അവരുടെ പോക്കറ്റിൽ തന്നെ വെക്കാൻ പറഞ്ഞതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളം വ്യത്യസ്തവും മതേതരവുമാണ്. വിദ്വേഷ പ്രചാരണം നടത്തിയ നേതാവിന്റെ സമുദായത്തിന് 52 ശതമാനം വോട്ടുകളുണ്ടായിരുന്നിട്ടും അവർ മതേതര നിലപാടാണ് സ്വീകരിച്ചത്. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശദമായി പഠിക്കേണ്ടതാണെന്നും അത് രാജ്യത്തിന് തന്നെ മാതൃകയാകാവുന്നതാണെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
English Summary
Speaking at The Indian Express's 'Express Adda', V.D. Satheesan praised the Indian Union Muslim League (IUML) as a purely secular party, distinguishing it from the Muslim League of the 1940s. He warned that if the IUML weakens in Kerala, extremist forces would occupy its political space. Highlighting IUML's role in resisting radical outfits, he noted their candidates receive widespread support from Hindu and Christian communities. He also emphasized Kerala's strong secular fabric, citing his own uncompromising stance against hate speech during the elections, which proved that Kerala's voters firmly reject communal politics.