പ്ലാസ്റ്റിക് ലഘൂകരണം, സുരക്ഷിത ജീവിതം: തിരൂരങ്ങാടി ഓറിയന്റൽ സ്കൂളിൽ തുണിസഞ്ചി വിതരണം ചെയ്തു
വെബ്ബ് ഡെസ്ക് | 22-03-2026
തിരൂരങ്ങാടി: പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയായി തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിലെ ഭൂമിത്ര സേന ക്ലബിന്റെ നേതൃത്വത്തിൽ “പ്ലാസ്റ്റിക് കുറവ് , കൂടുതൽ ജീവിതം” എന്ന ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും മറ്റുമായി തുണി സഞ്ചി വിതരണം സംഘടിപ്പിച്ചു.
പ്ലാസ്റ്റിക് ലഘൂകൃത ജീവിതശൈലി സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ. കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പരിസ്ഥിതി സംരക്ഷണത്തിനായി സമൂഹം ഒന്നടങ്കം കൈകോർക്കേണ്ടതിന്റെ ആവശ്യകത പ്രസംഗകർ ചൂണ്ടിക്കാട്ടി. സുഹൈൽ എം, യു. ടി. അബൂബക്കർ, ടി. മുഹമ്മദ് സാലിം, കെ. വി. സാബിറ, പി. ജാഫർ, ടി. സി. നാസർ, മുനീർ താനാളൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിപാടിയിൽ വളണ്ടിയർ ലീഡർ സുൽത്താൻ സ്വാഗതവും മഹ്സൂഫ അലി ഒ നന്ദിയും രേഖപ്പെടുത്തി.
English Summary: Oriental Higher Secondary School Tirurangadi's Bhoomithrasena Club organized a cloth bag distribution drive as part of the "Less Plastic, More Life" campaign. The event, aimed at promoting an eco-friendly lifestyle, was inaugurated by Principal O. Shoukathali and presided over by Headmaster K. K. Usman.