അബുദാബി: അമേരിക്ക-ഇസ്റാഈൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക ക്യാമ്പുകൾ ലക്ഷ്യമാക്കി ഇറാന്റെ കനത്ത പ്രത്യാക്രമണം. ഇറാന്റെ ആക്രമണത്തെ തുടർന്ന് അബുദാബിയിൽ ഒരാൾ കൂടി മരിച്ചതായി യു.എ.ഇ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സായിദ് വിമാനത്താവളത്തിൽ അപകടം:
അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ ഒരു ഏഷ്യൻ വംശജനാണ് മരിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ പ്രത്യാക്രമണത്തിൽ യു.എ.ഇയിൽ മരിക്കുന്ന രണ്ടാമത്തെ ആളാണിത്. നേരത്തെ അബുദാബിയിൽ സ്ഫോടനത്തിൽ കെട്ടിടം തകർന്ന് ഒരു പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടിരുന്നു. തങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ യു.എ.ഇ ശക്തമായി അപലപിച്ചു.
ദുബായിലും ഖത്തറിലും ആക്രമണം:
ദുബായിലെ ലോകപ്രശസ്തമായ ബുർജ് അൽ അറബിന് മുകളിൽ വെച്ച് ഒരു ഡ്രോൺ സുരക്ഷാസേന നിർവീര്യമാക്കി. ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ച് ചെറിയ തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ദുബായ് ജബൽ അലി തുറമുഖത്തും സമാനമായ രീതിയിൽ അവശിഷ്ടങ്ങൾ വീണ് തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക ക്യാമ്പുകൾക്ക് പുറമെ ജനവാസ മേഖലകളിലും ആക്രമണമുണ്ടായിട്ടുണ്ട്. ഖത്തർ തലസ്ഥാനമായ ദോഹയിലും ദുബായിലെ മറ്റ് ചിലയിടങ്ങളിലും ആക്രമണം നടന്നതായി വിവരമുണ്ട്.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്