എൽപിജി അളവ് കുറയ്ക്കും, വിലയിലും മാറ്റത്തിന് സാധ്യത; പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കം
വെബ് ഡെസ്ക്
23-03-2026
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഉടലെടുത്ത പാചകവാതക പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കാൻ നീക്കവുമായി എണ്ണ കമ്പനികൾ. വീടുകളിൽ ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളിൽ നിറയ്ക്കുന്ന പാചകവാതകത്തിന്റെ അളവ് കുറച്ച് പ്രതിസന്ധി മറികടക്കാനാണ് എണ്ണ കമ്പനികൾ ശ്രമിക്കുന്നത്.
നിലവിൽ വീടുകളിൽ 14.2 കിലോ സിലിണ്ടർ ആണ് ഉപയോഗിക്കുന്നത്. സിലിണ്ടറിൽ നിറയ്ക്കുന്ന എൽപിജിയുടെ അളവ് 10 കിലോയായി കുറച്ച് കൂടുതൽ പേരിലേക്ക് സിലിണ്ടർ എത്തിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. തൂക്കം കുറയ്ക്കുന്നതിന് അനുസരിച്ച് വിലയിലും ആനുപാതികമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗാർഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും വർദ്ധിപ്പിച്ചിരുന്നു.
ഒരു ശരാശരി കുടുംബത്തിന് 14.2 കിലോഗ്രാം സിലിണ്ടർ 35-40 ദിവസമാണ് ലഭിക്കുന്നത്. ഇത് 10 കിലോഗ്രാം ആക്കിയാൽ ഏകദേശം ഒരു മാസത്തേക്ക് ഉപയോഗിക്കാൻ കഴിയും. എന്നാൽ എൽപിജി ബുക്കിംഗ് ഇടവേള 25-ൽ നിന്ന് 45 ദിവസമായി വർദ്ധിപ്പിച്ചത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. അളവ് കുറയ്ക്കുന്ന നിർദ്ദേശം സർക്കാർ അംഗീകരിച്ചാൽ ബോട്ട്‌ലിംഗ് പ്ലാന്റുകളിൽ മാറ്റങ്ങൾ വരുത്തി പുതിയ സ്റ്റിക്കറുകളോടെ സിലിണ്ടറുകൾ വിപണിയിലെത്തും.
English Summary:
Oil companies are planning to reduce the weight of domestic LPG cylinders from 14.2 kg to 10 kg to manage the gas shortage caused by the ongoing Middle East conflict. The move aims to supply cylinders to more consumers, with a proportionate reduction in price.