ബെത്തലിന്റെ പോരാട്ടവീര്യത്തിന് കൈയടി; ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ
വെബ്ബ് ഡെസ്ക്
05 മാർച്ച് 2026
മുംബൈ: ജേക്കബ് ബെത്തലെന്ന 22-കാരന്റെയും ഇംഗ്ലണ്ട് ടീമിന്റെയും പോരാട്ട വീര്യത്തിന് കൈയടി. ഇംഗ്ലണ്ട് ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്ന് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.
ഇന്ത്യ ഉയർത്തിയ 254 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഏഴു റൺസിന്റെ ആവേശകരമായ ജയത്തോടെയാണ് ഇന്ത്യ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ഒരു ഘട്ടത്തിൽ 7.3 ഓവറിൽ നാലിന് 95 റൺസെന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ പിന്നീട് ബെത്തൽ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു. 48 പന്തിൽ നിന്ന് ഏഴു സിക്‌സും എട്ട് ഫോറുമടക്കം 105 റൺസെടുത്ത ബെത്തൽ അവസാന ഓവറിലാണ് പുറത്തായത്. ജസ്പ്രീത് ബുംറയുടെ അവസാനത്തെ രണ്ട് ഓവറുകളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.
സഞ്ജുവും സംഘവും തകർത്തടിച്ചു
നേരത്തേ ഒരിക്കൽ കൂടി സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുംതൂണായപ്പോൾ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ ലഭിച്ചു. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 253 റൺസെടുത്തു. സഞ്ജു സാംസൺ (89), ശിവം ദുബെ (43), ഇഷാൻ കിഷൻ (39) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി പിന്നിട്ട സഞ്ജുവിന്റെ തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യൻ ഇന്നിങ്‌സിന്റെ പ്രത്യേകത. 42 പന്തുകൾ നേരിട്ട സഞ്ജു ഏഴ് സിക്‌സും എട്ട് ഫോറുമടക്കം 89 റൺസെടുത്തു.
ഇംഗ്ലണ്ടിന്റെ മറുപടി
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് തുടക്കത്തിലേ ഫിൽ സാൾട്ടിനെ (5) നഷ്ടമായി. ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ (7) വീഴ്ത്തി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 17 പന്തിൽ നിന്ന് 25 റൺസെടുത്ത ജോസ് ബട്ട്‌ലറെ വരുൺ ചക്രവർത്തിയും പുറത്താക്കി. എന്നാൽ നാലാമനായി ബെത്തൽ എത്തിയതോടെ കളിമാറി. വെറും 19 പന്തിൽ നിന്ന് താരം അർധസെഞ്ചുറി തികച്ചു. അഞ്ചാം വിക്കറ്റിൽ ബെത്തലും വിൽ ജാക്ക്‌സും (35) ഒന്നിച്ചതോടെ ഇന്ത്യ വിറച്ചു. പിന്നീട് സാം കറനെ കൂട്ടുപിടിച്ച് ബെത്തൽ സെഞ്ചുറി നേടി പൊരുതിയെങ്കിലും അവസാന ഓവറിൽ ലക്ഷ്യം കാണാനാവാതെ ഇംഗ്ലണ്ട് വീഴുകയായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 വാട്സ്അപ്പ് ഗ്രൂപ്പ്:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 വാട്സ്അപ്പ് ചാനൽ:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•