വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രിയും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം
വെബ് ഡെസ്ക് | 30-03-2026
കൊല്ലം: കൊല്ലത്ത് നടന്ന വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രിയും മാധ്യമപ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്കേറ്റം. മുഖ്യമന്ത്രി ഒരു വിഭാഗം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകുന്നുവെന്ന ആക്ഷേപമാണ് വാക്കേറ്റത്തിൽ കലാശിച്ചത്. ദേശാഭിമാനിയുടെയും കൈരളിയുടെയും പ്രതിനിധികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മാത്രം മുഖ്യമന്ത്രി മറുപടി നൽകുന്നുവെന്നും മറ്റുള്ളവരെ അവഗണിക്കുന്നുവെന്നും മാധ്യമപ്രവർത്തകർ ആരോപിച്ചു.
വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേൽക്കാൻ തുടങ്ങിയ മുഖ്യമന്ത്രിയോട് ഇത് ശരിയായ നടപടിയല്ലെന്നും, പിന്നെ എന്തിനാണ് ഇത്തരത്തിൽ വാർത്താസമ്മേളനം വിളിച്ചുചേർത്തതെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു. ഇതോടെ എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തുകയും മാധ്യമപ്രവർത്തകർക്ക് മറുപടി നൽകുകയും ചെയ്തു.
"ചോദ്യം മനസ്സിലുണ്ടായാൽ മാത്രം പോരാ, അത് ചോദിക്കുകയും വേണം" എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഏത് മാധ്യമപ്രവർത്തകരാണെന്ന് താൻ നോക്കിയിട്ടില്ലെന്നും, ചോദിച്ച കാര്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ചോദ്യം ചോദിക്കാൻ അവസരം ലഭിക്കണമെന്നില്ലെന്നും സമയം അവസാനിച്ചതിനാലാണ് വാർത്താസമ്മേളനം നിർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തുടർന്നും ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി മടങ്ങി.
English Summary:
A heated argument broke out between Kerala Chief Minister and journalists during a press conference in Kollam. Reporters alleged that the CM was only answering questions from specific media outlets like Deshabhimani and Kairali. In response, the CM stated that journalists should voice their questions rather than just keeping them in mind, adding that time constraints prevented him from addressing everyone.