ചെട്ടിപ്പടിയിലെ പരപ്പനങ്ങാടി ഗവ: സ്പെഷ്യൽ ടീച്ചേഴ്സ് ട്രൈനിംഗ് സെൻററിൻ്റെ അലമാരകൾ പൂട്ടി റജിസ്റ്ററുകളും അനുബന്ധ രേഖകളമായി മുൻ താൽകാലിക കോർഡിനേറ്റർ മുങ്ങി.
പുതുതായി താല്കാലിക നിയമനം നേടിയ കോർഡിനേറ്ററടക്കമുള്ള 7 താൽകാലിക ജീവനക്കാർക്ക് നിയമന ഉത്തരവ് നൽകി സ്ഥാപനത്തിൻ്റെ ചുമതല നൽകാൻ തിരൂരങ്ങാടി എ.ഇ.ഒ. പുരുഷോത്തമൻ ചെട്ടിപ്പടിയിലുള്ള സെൻ്ററിൽ എത്തിയപ്പോഴാണ് മുൻ താൽകാലിക കോർഡിനേറ്റർ മുങ്ങിയ വിവരമറിയുന്നത്. ഉടൻ തന്നെ ഫോണിൽ ബന്ധപ്പെട്ട് 4 മണിക്കുള്ളിൽ സെൻററിൽ എത്തണമെന്നാവശ്യപ്പെട്ടെങ്കിലും അവർ വരാൻ കൂട്ടാക്കിയില്ല. 5 മണി വരെ കാത്തിരുന്ന എ.ഇ.ഒ., മലപ്പുറം ജില്ലാ ഡപ്യൂട്ടി എജ്യുക്കേഷൻ ഡയറക്ടറുടെ നിർദ്ദേശപ്രകാരം പോലീസിൽ പരാതി നൽകി.
എന്നാൽ സംഭവം നടന്ന് 24 മണിക്കുർ കഴിഞ്ഞിട്ടും എ.ഇ.ഒ. നൽകിയ പരാതിയിൽ പരപ്പനങ്ങാടി പോലീസ് കേസെടുക്കാൻ തയ്യാറാവാത്തത് വിവാദമായിട്ടുണ്ട്.
ജില്ല വിദ്യാഭ്യാസ ഉപഡയറകടറുടെ ഓഫീസിലെ ഇൻ്റർവ്യൂ കഴിഞ്ഞ് തെരഞ്ഞെടുത്ത പുതിയ താൽകാലിക ജീവനക്കാർ കഴിഞ്ഞ ജൂൺ 1 -നാണ് ചുമതലയേറ്റെടുക്കേണ്ടിയിരുന്നത്. എന്നാൽ നിലവിൽ കലാവധി കഴിഞ്ഞ താൽകാലിക ജീവനക്കാർ ഹൈക്കേടതിയിൽ കേസ് കൊടുക്കുകയും പുതിയ നിയമനത്തിന് താൽകാലിക സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു.എന്നാൽ അവരുടെ ഹരജി ഹൈക്കോടതി തള്ളുകയും ഡിഡിഇ പുതിയ അപേക്ഷ ക്ഷണിച്ച് നടത്തിയ ഇൻ്റർവ്യൂവിലൂടെ തിരഞ്ഞെടുത്ത പുതിയ താൽകാലിക ജീവനക്കാരുടെ നിയമനം ശരി വെക്കുകയുമായിരുന്നു.