ബ്വേനസ് എയ്റിസ്: ഖത്തർ ലോകകപ്പിൽ അർജന്റീന അണിയുന്ന പുതിയ ജഴ്സിയുടെ ചിത്രം പുറത്തുവന്നു. ഇൻഡിഗോ-പർപ്പ്ൾ നിറത്തിലുള്ള അർജന്റീനയുടെ എവേ ജഴ്സിയുടെ ചിത്രമാണ് വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും പൗളോ ഡിബാലയും പുതിയ ജഴ്സിയണിഞ്ഞുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
പർപ്പിളിന്റെ രണ്ടു ഷേഡുകളിലായാണ് ജഴ്സി പുറത്തിറക്കിയിട്ടുള്ളത്. അർജന്റീന ഫുട്ബാൾ അസോസിഷേന്റെയും അഡിഡാസിന്റെയും ലോഗോകൾ വെള്ളക്കളറിലാണ് ജഴ്സിയിലുള്ളത്. ചുമലിൽ പർപ്പിളിൽ മൂന്നു വരകളുമുണ്ട്.
അഡിഡാസാണ് ജഴ്സി രൂപകൽപന ചെയ്തത്. ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പുതന്നെ ജഴ്സിയുടെ ചിത്രം ചില ഓൺലൈൻ മാധ്യമങ്ങളിലൂടെ പുറത്തായിരുന്നു. മെസ്സിയും ഡിബാലയും അഡിഡാസുമായി കരാറൊപ്പിട്ട താരങ്ങളാണ്. അർജന്റീനക്കൊപ്പം ജർമനി, ജപ്പാൻ, മെക്സികോ, സ്‍പെയിൻ ടീമുകളുടെ പുതിയ ജഴ്സികളും അഡിഡാസ് പുറത്തിറക്കിയിട്ടുണ്ട്.