അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച വേങ്ങര പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 20) വൈകീട്ട് 3.30ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി നിർവഹിക്കും. വേങ്ങര ഗാന്ധിദാസ് പടിയിൽ മൃഗാശുപത്രിയ്ക്ക് സമീപമാണ് പുതിയ പൊലീസ് സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. ചടങ്ങിൽ കായിക ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനാകും. ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി, പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ, പൊലീസ് മേധാവി അനിൽകാന്ത്, എ.ഡി.ജി.പി വിജയ് എസ്. സഖറെ, ഐ.ജി ടി.വിക്രം, ഡി.ഐ.ജി പുട്ട വിമലാദിത്യ തുടങ്ങിയവർ മുഖ്യാതിഥികളാകും.
ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസ് മുഖ്യപ്രഭാഷണം നടത്തും. മുൻ എം.എൽ.എ കെ.എൻ.എ ഖാദർ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹസീന ഫസൽ, സയ്യിദ് അബ്ദുള്ള മൻസൂർ തങ്ങൾ, വി. സലീമ, യു. ഹംസ, പഞ്ചായത്തംഗം ഹസീന ബാനു, ജില്ലാ പഞ്ചായത്ത് അംഗം സമീറ, ബ്ലോക്ക് പഞ്ചായത്ത് അംഗം പറങ്ങോടത്ത് അസീസ്, പ്രദീപ് കുമാർ, കെ.ഷിനീഷ്, മലപ്പുറം ഡി.വൈ.എസ്.പി പി.അബ്ദുൽ ബഷീർ, വേങ്ങര പൊലീസ് ഇൻസ്പെക്ടർ എം.മുഹമ്മദ് ഹനീഫ തുടങ്ങിവർ പങ്കെടുക്കും.
45 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വേങ്ങര പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമാകുന്നത്. മുൻ എം.എൽ.എ അഡ്വ. കെ.എൻ.എ ഖാദറിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും 2.50 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ പൊലീസ് സ്റ്റേഷനിൽ സീനിയർ ഓഫീസർമാർക്കും ജൂനിയർ ഓഫീസർമാർക്കും വനിതാ ഓഫീസർമാർക്കുമായി പ്രത്യേകം മുറികളും ഒരുക്കിയിട്ടുണ്ട്. എസ്.എച്ച്.ഒ, എസ്.ഐ എന്നിവർക്കുള്ള മുറികൾ, ഇൻവെസ്റ്റിഗേഷൻ റൂം, സ്വീകരണ മുറി, അടുക്കള എന്നിവയും ട്രാൻസ് ജെൻഡർ, പുരുഷൻ, സ്ത്രീ തടവുകാരെ താത്ക്കാലികമായി പാർപ്പിക്കുന്നതിന് വെവേറെ ലോക്കപ്പുകളും പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
വേങ്ങര മൃഗാശുപത്രിയ്ക്ക് സമീപം 25 സെന്റിലാണ് പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമിച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹാർദ പൊലീസ് സ്റ്റേഷനിൽ ക്രമസമാധാന പാലനത്തിനായി വനിതകൾ ഉൾപ്പെടെ 36 ഉദ്യോഗസ്ഥരാണുള്ളത്. 1977ൽ കച്ചേരിപ്പടിയിലാണ് വേങ്ങര പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് 1986ൽ സ്റ്റേഷൻ നിലവിലെ സ്ഥലത്തെ കെട്ടിടത്തിലേക്ക് മാറ്റി. 2007ൽ പഴയ കെട്ടിടം ഉടമ പൊളിക്കുകയും അതിന് സമീപം കൂടുതൽ സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുകയും തുടർന്ന് സ്റ്റേഷന്റെ പ്രവർത്തനം അതിലേക്ക് മാറ്റുകയുമായിരുന്നു.