ന്യൂദല്‍ഹി- സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്. യു. പി സര്‍ക്കാരിനോട് രേഖാമൂലം വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവുകളില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചപ്പോള്‍ കുറ്റകൃത്യത്തിന് കാപ്പന് പങ്കുണ്ടെന്നായിരുന്നു യു. പി സര്‍ക്കാരിന്റെ വിശദീകരണം.
കുറ്റകൃത്യത്തില്‍ തന്റെ കക്ഷിക്ക് പങ്കില്ലെന്നും സഹയാത്രികര്‍ പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളാണെന്നുവച്ച് അദ്ദേഹം പോപ്പുലര്‍ ഫ്രണ്ടില്‍ അംഗമല്ലെന്നും സിദ്ദിഖ് കാപ്പന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. ജാമ്യ ഹരജിയെ യു. പി സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ചീഫ് ജസ്റ്റിസ് യു. യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
യു. പിയില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെയാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. പത്രപ്രവര്‍ത്തകനെന്ന ജോലി ചെയ്യാനുള്ള യാത്രയാണ് നടത്തിയതെന്നും ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും കാപ്പന്റെ ഹരജിയില്‍ പറഞ്ഞു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2020 ഒക്ടോബറിലാണ് കാപ്പനെ യു. പി പോലീസ് കസ്റ്റഡിയിലെടുത്തത്.