തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ വെള്ളക്ഷാമം അടിയന്തിരമായി പരിഹരിക്കണം : യൂത്ത് ലീഗ്

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ വെള്ളക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്നും വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്  തിരൂരങ്ങാടി വാട്ടര്‍ അതോറ്റി അസിസ്റ്റന്റ് എഞ്ചിനിയര്‍ക്കും തഹസീല്‍ദാര്‍ക്കും യൂത്ത് ലീഗ് തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി നിവേദനം നൽകി. വാട്ടര്‍ അതോറിറ്റി വെള്ളം ലഭ്യമാക്കാത്തതാണ് ആശുപത്രിയിലെ പ്രതിസന്ധിക്ക് കാരണം. വാട്ടര്‍ അതോറിറ്റിയുടെ നടപടി ആശുപത്രിയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ദിവസേന 80000 ലിറ്ററോളം വെള്ളം ലഭിച്ചിരുന്നു. ആ വെള്ളം ഉപയോഗിച്ചാണ് ആശുപത്രിയുടെ ദൈനംദിന കാര്യങ്ങള്‍ നടന്നു പോയിരുന്നത്. വാട്ടര്‍ അതോറിറ്റി മുന്നറിയിപ്പ് ഇല്ലാതെ വെള്ളം നല്‍കല്‍ നിര്‍ത്തിയതോടെ ആശുപത്രി പ്രവര്‍ത്തനം തന്നെ താളം തെറ്റിയ അവസ്ഥയിലാണ്. 
ഇപ്പോള്‍ ദിവസേന പതിനായിരത്തോളം രൂപ മുടക്കി വെള്ളം വിവിധ പ്രദേശങ്ങളില്‍ നിന്നും വാഹനത്തില്‍ അടിപ്പിക്കുകയാണ്. ഇത് തന്നെ തികയാത്ത അവസ്ഥയാണ്. ഇത് എച്ച്.എം.സിക്കും നഗരസഭക്കും വലിയ ബാധ്യതയാണ് വരുത്തുന്നത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കേണ്ട ഫണ്ട് മുഴുവന്‍ വാട്ടര്‍ അതോറിറ്റിയുടെ പിടിപ്പുകേട് മൂലം വെള്ളത്തിന് നല്‍കേണ്ട സാഹചര്യമാണുള്ളത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കുള്ള വെള്ള വിതരണം വാട്ടര്‍ അതോറിറ്റി പുനരാരംഭിക്കുകയോ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യുന്നതിന് നടപടി സ്വീകരിക്കണന്നും വാട്ടര്‍ അതോറിറ്റിയുടെ ഒളിച്ചു കളി അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് നിവേദനത്തില്‍ ആവശ്യപ്പെട്ടു. പാവപ്പെട്ടവന്റെ ആശ്രയമാണ് താലൂക്ക് ആശുപത്രി. പനിപോലുള്ള പകര്‍ച്ച വ്യാധിയുടെ കാലത്ത് വെള്ളമില്ലാത്തതിനാല്‍ വലിയ ദുരിതമാണ് വാട്ടര്‍ അതോറിറ്റി രോഗികള്‍ക്ക് സമ്മാനിക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല. കത്യമായ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് യൂത്ത്‌ലീഗ് നേതൃത്വം നല്‍കുമെ
ന്നും നേതാക്കൾ പറഞ്ഞു. നാളെ നടക്കുന്ന താലൂക്ക് വികസന സമിതി വിഷയം ചര്‍ച്ച ചെയ്യുമെന്ന് തഹസീല്‍ദാര്‍ ഉറപ്പ് നല്‍കി.
Previous Post Next Post
WhatsApp