മലപ്പുറം പൊൻമുണ്ടത്ത് പുരാതന കോട്ടയുടെ കൊത്തളങ്ങൾ കണ്ടെത്തി

 

തിരൂർ | മലപ്പുറം ജില്ലയിലെ പൊൻമുണ്ടം പഞ്ചായത്തിലുള്ള ചിലവിൽ ഗ്രാമത്തിൽ ടിപ്പു സുൽത്താൻ നിർമ്മിച്ചതെന്ന് കരുതുന്ന പുരാതന കോട്ടയുടെ കൊത്തളങ്ങൾ കണ്ടെത്തി.ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയരക്ടറും എഴുത്തുകാരനുമായ തിരൂർ ദിനേശ് ആണ് പാലക്കാട്ടെ ടിപ്പു സുൽത്താൻ കോട്ടയിലെ കൊത്തളങ്ങൾക്ക് സമാനമായ കോട്ട കൊത്തളങ്ങൾ കണ്ടെത്തിയത്.


 കേരളത്തിലെ തകർന്ന ക്ഷേത്രങ്ങളുടെ ചരിത്രപഠനത്തിൻ്റെ ഭാഗമായി ചിലവിൽ മഹാദേവ ക്ഷേത്രഭൂമിയിൽ നടത്തിയ പരിശോധനയിൽ നാട്ടുകാരുടെ സഹായത്തോടെയാണ് കാട് മൂടിയ നിലയിൽ കൊത്തളങ്ങൾ കണ്ടെത്തിയത്. ഓരോ കൊത്തളത്തിനും പതിനഞ്ച് അടി ഉയരവും ഏതാണ്ട് മുപ്പത് കോൽ ചുറ്റളവുമുണ്ട്. പഴയ കാലത്ത് ആനപ്പള്ള മതിലുള്ള ക്ഷേത്രമായിരുന്നു ചിലവിൽ മഹാദേവ ക്ഷേത്രം.


 അക്കാലത്തുണ്ടായിരുന്ന മതിലിൻ്റെ നാല് മൂലകളിലുമായി ചെങ്കല്ലിൽ നിർമ്മിച്ചതാണ് കൊത്തളങ്ങൾ . രണ്ടെണ്ണം പൂർണ്ണമായും തകർന്നു. പാലക്കാട്ട് ടിപ്പു സുൽത്താൻ നിർമ്മിച്ച കോട്ടയിൽ പീരങ്കികൾ സ്ഥാപിക്കാനും സൈന്യത്തിന് ഒളിഞ്ഞു നിന്ന് യുദ്ധം ചെയ്യാനും നിർമ്മിച്ച കൊത്തളങ്ങളിലെ രൂപകൽപ്പനയാണ് ചിലവിൽ കോട്ടകൊത്തളങ്ങൾക്കു മുള്ളത്.


 ഉൾഗ്രാമമായതിനാൽ ഈ കൊത്തളങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറം ലോകം അറിയുകയോ ചരിത്രത്തിൽ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മൈസൂർ സെന്യത്തിൻ്റെ ഒരു കേന്ദ്രം തിരൂരിൽ ഉണ്ടായിരുന്നതായും ഹൈദരാലിയുടെ മരണസമയത്ത് ടിപ്പു സുൽത്താൻ തിരൂരിലായിരുന്നുവെന്നും ചരിത്രങ്ങളിലുണ്ട്.ഇത് ശരി വെക്കുന്നതാണ് ചിലവിലെ കോട്ടകൊത്തളങ്ങൾ.


ടിപ്പു സുൽത്താൻ ഹൈദരാലിയുടെ മരണസമയത്ത് തിരൂരിനടുത്തുള്ള ചിലവിൽ കോട്ടയിലായിരുന്നുവെന്നാണ് അനുമാനം. ഇതു സംബന്ധിച്ച വിശദമായ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്ന് തിരൂർ ദിനേശ് പറഞ്ഞു. അതീവ ചരിത്ര പ്രാധാന്യമുള്ള പൊൻ മുണ്ടം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള കൊത്തളങ്ങൾ സംരക്ഷിത സ്മാരകമാക്കാൻ ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ ഡയരക്ടർക്ക് കത്തെഴുതുമെന്നും തിരൂർ ദിനേശ് പറഞ്ഞു.


കഴിഞ്ഞ നാലുവർഷമായി നടന്നു വരുന്ന തകർന്ന ക്ഷേത്രങ്ങളുടെ പഠനയാത്രക്കിടയിൽ ചരിത്രത്തിൽ രേഖപ്പെടുത്താത്ത നിരവധി ചരിത്ര സ്മാരകങ്ങൾ കണ്ടെത്താൻ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

Previous Post Next Post
WhatsApp