📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ചെരിപ്പു വെള്ളത്തില്‍പ്പോയെന്ന് ഒന്നാംക്ലാസുകാരന്‍; പുതിയത് വാങ്ങി നല്‍കി വി.ഡി. സതീശന്‍ 

📢 Published: IST 🔄 Updated: IST

പറവൂര്‍: ജയപ്രസാദിന്റെ വലിയദുരിതം ചെരിപ്പ് വെള്ളത്തില്‍ പോയതായിരുന്നു. എളന്തിക്കര ഗവ. എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ അമ്മയുടെ ഒക്കത്ത് വാശിപിടിച്ചിരുന്ന ജയപ്രസാദിനെ കണ്ടപ്പോള്‍ കുശലം ചോദിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് ചെരിപ്പു പോയദുരിതമാണ് കുട്ടിക്ക് പറയാനുണ്ടായിരുന്നത്.

ഒരു ചെരിപ്പ് പോയതിനാല്‍ ഒക്കത്തുനിന്നിറങ്ങാതെ വാശി പിടിച്ചിരിക്കുകയാണ് മകനെന്ന് അമ്മ. ക്യാമ്പ് നടക്കുന്ന അതേ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ജയപ്രസാദ്. സാരമില്ല നമുക്ക് പുത്തന്‍ ചെരിപ്പ് വാങ്ങാമല്ലോ എന്ന് സതീശന്‍ ഉറപ്പു കൊടുത്തപ്പോള്‍ ജയപ്രസാദ് പറഞ്ഞു - എനിക്ക് ബെല്‍റ്റുള്ള ചെരിപ്പ് വേണം. അതിനെന്താ ! ബെല്‍റ്റുള്ളത് തന്നെ വാങ്ങാം. ജയപ്രസാദിന് ചെരിപ്പ് വാങ്ങാന്‍ വി.ഡി. സതീശന്‍ തന്നെ മുന്നിട്ടിറങ്ങി. സ്റ്റേറ്റ് കാറില്‍ പ്രതിപക്ഷ നേതാവിനൊപ്പം ജയപ്രസാദും ചെരിപ്പുകട അന്വേഷിച്ചായി യാത്ര.

കടയിലെത്തി ചെരിപ്പ് ഇട്ടു നോക്കി ഇഷ്ടപ്പെട്ട് വാങ്ങിയതോടെ ജയപ്രസാദിന്റെ മുഖം തെളിഞ്ഞു. ദുരിതങ്ങള്‍ക്കു മേല്‍ കുഞ്ഞുചിരി വിടര്‍ന്നു. ജയപ്രസാദിനൊപ്പം ചായക്കടയില്‍നിന്ന് ചായയും കുടിച്ചിട്ടാണ് പ്രതിപക്ഷ നേതാവ് അവനെ തിരിച്ച് ക്യാമ്പില്‍ കൊണ്ടുവിട്ടത്.

തെനപ്പുറം മൂലാന്തറ മഹേഷിന്റെയും ബിന്ദുവിന്റെയും മകനാണ് ജയപ്രസാദ്. പ്രമേഹം മൂലം അസുഖബാധിതനായ മഹേഷിന്റെ ഇരുകാലും മുറിച്ചുകളഞ്ഞതാണ്. ഭാഗ്യക്കുറി വിറ്റാണ് ഉപജീവനം നടത്തുന്നത്. പിന്നെയും ദുരിതം മഴയായി പെയ്തപ്പോള്‍ ചൊവ്വാഴ്ച വൈകീട്ട് അവരുടെ വീട്ടില്‍ വെള്ളം കയറി. അതോടെയാണ് കുടുംബത്തോടെ ക്യാമ്പിലെത്തിയത്.
Join WhatsApp Group Send News / Ads