മലയാള സിനിമയിൽ നായക വേഷം ചെയ്യുന്ന ആദ്യ എം എൽ എ ആണ് മുഹമ്മദ് മുഹ്സിൻ. നിരവധി എം എൽ എ മാർ സിനിമാ നടന്മാരായിട്ടുണ്ടെങ്കിൽ നായകനാകാനുള്ള അപൂർവ അവസരം പട്ടാമ്പിയുടെ യുവ എം എൽ എക്കാണ് ലഭിച്ചത്
കോളേജ് നാടക വേദികളിൽ മാത്രം അഭിനയിച്ചിട്ടുള്ള മുഹ്സിനെ തേടി സിനിമയിലെ നായക വേഷം എത്തുന്നത് സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ വഴിയാണ്.
സത്യസന്ധനും ധീരനുമായ ഒരു മാധ്യമ പ്രവർത്തകൻ്റെ വേഷത്തിൽ മുഹ്സിൻ അനുയോജ്യനികുമെന്ന സംവിധായകൻ്റെ കണ്ടെത്തൽ തെറ്റിയില്ല. ഏതൊരു പ്രൊഫഷണൽ നടന്മാരെയും കടത്തി വെട്ടുന്ന അഭിനയ മികവോടെയാണ് മുഹ്സിൻ കേന്ദ്ര കഥാപാത്രമായ 'യദുവർമ്മ 'യെ അവതരിപ്പിച്ചിട്ടുള്ളത് എന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു.മുഹ്സിൻ ആദ്യമായാണ് ഒരു ഷൂട്ടിംഗിനെ അഭിമുഖീകരിക്കുന്നത്.അതും നായകനായി.
പക്ഷേ അങ്ങേയറ്റം ആത്മാർത്ഥമായി കഥാപാത്രത്തോട് നീതി പുലർത്താൻ അദ്ദേഹത്തിനായി എന്ന് സംവിധായകൻ അനിൽ വി നാഗേന്ദ്രൻ പറഞ്ഞു.
പല കാലഘട്ടങ്ങളിലായി വളരെവ്യത്യസ്തങ്ങളായ സ്വഭാവവിശേഷങ്ങളിലൂടെ കടന്നുപോകുന്ന യദുവർമ്മയെന്ന കഥാപാത്രം സങ്കീർണ്ണവും ഒരു പുതുമുഖനടനെ സംബന്ധിച്ചിടത്തോളം വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു. ആദ്യഘട്ടത്തിൽ പ്രണയത്തിന്റെ അപരിചിതമായ ഒരു ലോകത്തേക്കു വീണുപോകുന്ന ഒരു വിദ്യാർത്ഥിയായും തുടർന്ന്, പ്രണയത്തിന്റെ മാസ്മരികലോകത്തെ റൊമാന്റിക് നായകനായും പിന്നീട് പിതൃവിയോഗത്തിലും പ്രണയഭംഗത്തിലും തകർന്നുപോകുന്ന ഏകാന്തപഥികനായും ശേഷം, ഉറച്ച മനസ്സോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയും തിന്മകൾക്കെതിരെ പോരാടുന്ന കരുത്തറ്റ മാധ്യമ പ്രവർത്തകനായും യദുവർമ്മ എന്ന കഥാപാത്രത്തെ, ഏതൊരു പ്രൊഫഷണൽ അഭിനേതാവിനെയും അത്ഭുതപ്പെടുത്തും വിധം മുഹമ്മദ് മുഹ്സിൻ ഉജ്ജ്വലമാക്കിയിട്ടുണ്ടെന്നും അദേഹം പങ്കുവെച്ചു
'വസന്തത്തിന്റെ കനൽ വഴികളിൽ' എന്ന ശ്രദ്ധേയമായ ചിത്രത്തിൽ ദേശീയ പുരസ്കാര ജേതാക്കളായ സുരഭി ലക്ഷ്മിയെയും സമുദ്രക്കനിയെയും നായികാനായകന്മാരാക്കി മലയാള ചലച്ചിത്രലോകത്ത് അവതരിപ്പിച്ച അനിൽ വി. നാഗേന്ദ്രൻ, രണ്ടാമത്തെ ചിത്രമായ തീ യിൽ മുഹമ്മദ് മുഹ്സിൻ എം എൽ എ യെയും സാഗരയെയും പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്നു.
ആദർശധീരരായ ഒരു കൂട്ടം മാധ്യമപ്രവർത്തകരും അധികാരശക്തിയും അന്തർദ്ദേശീയ ശൃംഖലകളുമുള്ള അധോലോകവുമായുള്ള പോരാട്ടം പ്രമേയമാകുന്ന ചിത്രത്തിൽ, അധോലോകനായകനായി പ്രതീക്ഷിക്കാത്ത രൂപഭാവങ്ങളോടെ ജനപ്രിയ നടൻ ഇന്ദ്രൻസും ഒരു മാധ്യമ സ്ഥാപന ഉടമയുടെ വേഷത്തിൽ പ്രേംകുമാറും 'ഘടോൽക്കചൻ' എന്ന വില്ലനായി, വസന്തത്തിന്റെ കനൽ വഴികളിൽ സമുദ്രക്കനിയ്ക്കൊപ്പം നായകവേഷം ചെയ്ത ഋതേഷും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രമേഷ് പിഷാരടിയും വിനു മോഹനും അരിസ്റ്റോ സുരേഷും ഉല്ലാസ് പന്തളവും കോബ്രാ രാജേഷും ജയകുമാറും(തട്ടീം മുട്ടീം ഫെയിം) സോണിയ മൽഹാർ, രശ്മി അനിൽ വി.കെ. ബൈജുവും കഥാപാത്രങ്ങളായി എത്തുന്നു. ഏവരിലും കൗതുകമുണർത്തിക്കൊണ്ട് സി.ആർ. മഹേഷ് എം.എൽ.എ., കെ.സുരേഷ് കുറുപ്പ് എക്സ് എം.പി., കെ. സോമപ്രസാദ് എക്സ്. എം.പി., മലയാളികളുടെ അഭിമാനമായ ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു, വിപ്ലവഗായിക പി.കെ. മേദിനി, ഗായകൻ ഉണ്ണി മേനോൻ,ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, നാടൻ പാട്ടിന്റെ കുലപതി സി.ജെ. കുട്ടപ്പൻ, അരനൂറ്റാണ്ടിലധികമായി നാടകരംഗത്ത് ശോഭിക്കുന്ന ആർട്ടിസ്റ്റ് സുജാതൻ, സാഹസിക നീന്തലിൽ ഗിന്നസ് ലോക റെക്കോഡ് ജേതാവ് ഡോൾഫിൻ രതീഷ് തുടങ്ങിയവർ മികച്ച വേഷങ്ങളുമായി പ്രമുഖ താരങ്ങൾക്കാപ്പം അഭിനയിക്കുന്നു.
അഭിനയരംഗത്തും സംഗീതരംഗത്തും നിരവധി പുതുമുഖങ്ങൾക്ക് തീ യിൽ അവസരം നല്കിയിട്ടുണ്ട്. എം.എസ്.ബാബുരാജിന്റെ കൊച്ചുമകൾ നിമിഷ സലിം, ദീർഘകാലമായി സംഗീതരംഗത്തു നില്ക്കുന്ന ഗായകൻ കലാഭവൻ സാബു, മണക്കാട് ഗോപൻ, സോണിയ ആമോദ്, കെ.എസ്. പ്രിയ, ശുഭ രഘുനാഥ്, വരലക്ഷമി, റെജി കെ. പപ്പു, നടൻ ഉല്ലാസ് പന്തളം തുടങ്ങിയവരെ പിന്നണി ഗാനലോകത്തേക്കെത്തിക്കുന്ന ചിത്രം കൂടിയാണിത്.
കേരള നിയമസഭാ ഹാളിൽ പ്രിവ്യു ഷോ നടത്തിക്കൊണ്ടു നിയമസഭാ ചരിത്രത്തിലും സിനിമാചരിത്രത്തിലും ഒരുപോലെ ഇടംനേടിയ ചിത്രംകൂടിയാണ് 'തീ
