മലപ്പുറം- പാലക്കാട്ട് സമാധാനം ഉറപ്പുവരുത്താൻ സർക്കാർ രംഗത്തിറങ്ങണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. കേരളത്തെ കൊലക്കളമാക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്താനും ജാഗ്രത പുലർത്തണം.
പാലക്കാട്ട് നടന്ന കൊലപാതകങ്ങൾ ദൗർഭാഗ്യകരമാണ്.
കൊലപാതകങ്ങളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന ചില സംഘടനകളുടെ ധാരണ ശരിയല്ല. സംസ്ഥനത്ത് സമാധാനം ഉറപ്പു വരുത്തുന്നതിൽ സർക്കാരും ഭരണ സംവിധാനങ്ങളും ജാഗ്രത പുലർത്തണം. അതിവൈകാരികമായി പ്രതികരിച്ചതു കൊണ്ട് സമൂഹത്തിനു ഒരു നേട്ടവും ഉണ്ടാകില്ല. ആയുധമെടുത്തു കൊണ്ടല്ല, ആശയങ്ങളിലൂടെയാണ് സംവാദങ്ങൾ നടക്കേണ്ടത്. വെറുപ്പിന്റെ ആശയങ്ങൾക്ക് പ്രചാരം നൽകാതെ സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ എല്ലാവരും രംഗത്തു വരണം.
ആശയങ്ങളിലും വീക്ഷണത്തിലും വ്യത്യാസമുണ്ടെങ്കിലും മനുഷ്യൻ എന്ന നിലയിൽ പരസ്പര ബഹുമാനം കാത്തു സൂക്ഷിക്കണം. മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കു ചേരുന്നു. ഇനിയും ചോര വീഴാതിരിക്കാനുള്ള ജാഗ്രത ഭരണകൂടത്തിന്റെയും ബന്ധപ്പെട്ട കക്ഷി നേതാക്കളുടെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്നും തങ്ങൾ പറഞ്ഞു. കേരളത്തിന്റെ മഹിതമായ സാംസ്‌കാരിക പാരമ്പര്യത്തെയും സൗഹൃദത്തെയും തകർക്കാൻ ശ്രമിക്കുന്നവർ ആരായാലും അവരെ ഒറ്റപ്പെടുത്താൻ സമൂഹം തയാറാകണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.