നവി മുംബൈ - കൈയില്‍ കിട്ടിയെന്നു തോന്നിയ വിജയവും കൈവിട്ടതോടെ ഈ സീസണിലെ ഐ.പി.എല്ലില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിന് ബൈ ബൈ. അവിശ്വസനീയമായ വിധത്തില്‍ ഏഴാം മത്സരവും അവര്‍ തോറ്റു. അവസാന ഓവറില്‍ 17 റണ്‍സും അവസാന ബോളില്‍ ബൗണ്ടറിയുമടിച്ച് മഹേന്ദ്ര സിംഗ് ധോണിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍വിയുടെ വക്കില്‍ നിന്ന് രക്ഷിച്ചത്. വാലറ്റക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ചെന്നൈ മൂന്നു വിക്കറ്റിന് ജയിച്ചു. ചെന്നൈക്ക് ഇത് ഏഴു കളികളില്‍ രണ്ടാം ജയമാണ്. സ്‌കോര്‍: മുംബൈ ഏഴിന് 155, ചെന്നൈ ഏഴിന് 156.
വന്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് മുംബൈയെ തിലക് വര്‍മയും (41 പന്തില്‍ 51 നോട്ടൗട്ട്) ജയ്‌ദേവ് ഉനാദ്കത്തും (9 പന്തില്‍ 19 നോട്ടൗട്ട്) കരകയറ്റിയിരുന്നു. ചെന്നൈ ഓപണര്‍ റിതുരാജ് ഗെയ്കവാദിനെ ആദ്യ പന്തിലും മിച്ചല്‍ സാന്റ്‌നറെ മൂന്നാം ഓവറിലും പുറത്താക്കി ഡാനിയേല്‍ സാംസ് മുംബൈക്ക് ഇരട്ട ബ്രെയ്ക്ത്രൂ നല്‍കുകയും ചെയ്തു (4-0-30-4). എന്നാല്‍ ആ ആവേശം നിലനിര്‍ത്താന്‍ മുംബൈക്കു സാധിച്ചില്ല. അമ്പാട്ടി രായുഡുവും (40) റോബിന്‍ ഉത്തപ്പയും (30) അവരെ കരകയറ്റി. വീണ്ടും ടീമിന് വഴി തെറ്റിയെങ്കിലും ധോണി (13 പന്തില്‍ 28 നോട്ടൗട്ട്) തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് തെളിയിച്ചു. അവസാന നാലു പന്തില്‍ 16 റണ്‍സ് വേണമെന്നിരിക്കെ ധോണി ഒരു സിക്‌സറും രണ്ട് ബൗണ്ടറിയുമടിച്ചു. ബൗളിംഗില്‍ മുകേഷ് ചൗധരിയും (3-0-19-3) ചെന്നൈയുടെ ഹീറോ ആയി. ഉനാദ്കത്തിന് അവസാന ഓവറില്‍ 17 റണ്‍സ് സംരക്ഷിക്കാനായില്ല.
നേരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും (0) ഇശാന്‍ കിഷനെയും (0) ഡെവാള്‍ഡ് ബ്രെവിസിനെയും (4) പുറത്താക്കി മുകേഷ് ചൗധരി ചെന്നൈക്ക് തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചു. സൂര്യകുമാര്‍ യാദവും (32) തിലക് വര്‍മയും ഉനാദ്കത്തുമാണ് അവരെ രക്ഷിച്ചത്.