തിരുവനന്തപുരം കാട്ടാക്കട: ഇടിമിന്നലില്‍ ഒരു വീട്ടിലെ കുട്ടി ഉള്‍പ്പെടെ 4 പേര്‍ക്കു കേള്‍വിക്കു തകരാര്‍

തിരുവനന്തപുരം | ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേരുടെ കേൾവിക്ക് തകരാർ സംഭവിച്ചു. ഒമ്പതു വയസുകാരനായ കുട്ടിക്ക് ഉൾപ്പെടെയാണ് പരിക്കേറ്റത്. തേരിവിള വീട്ടിൽ സാംബശിവൻ, മകൻ സുരേഷ്, മരുമകൾ സദാംബിക, ചെറുമകൻ അനീഷ്(9) എന്നിവർക്കാണ് കേൾവിത്തകരാറുണ്ടായത്. വലിയൊരു തീഗോളം വീട്ടിൽ പതിച്ച പ്രതീതിയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.

കാട്ടാക്കടയ്ക്ക് സമീപം മലപ്പനംകോട്ടാണ് സംഭവം. ഇന്നലെ രാത്രി 8.30നാണ് ഇടിമിന്നൽ ഉണ്ടായത്. ഇടിമിന്നലിനു ശേഷം വളർത്തു നായ പ്രതികരിക്കുന്നില്ലെന്നും വീട്ടുകാർ പറയുന്നു. നായയുടെ കേൾവി നഷ്ടപ്പെട്ടതായാണ് സംശയമെന്നും വീട്ടുകാർ പറയുന്നു.


വീടിൻറെ ജനാലച്ചില്ലുകൾ പൊട്ടി, ചുവരുകളിൽ പലേടത്തും വിള്ളലുമുണ്ട്. വയറിംഗും ഉപകരണങ്ങളും കത്തിയപ്പോഴുണ്ടായ പുകയിൽ കാഴ്ച മറയുകയും ഒന്നും കേൾകാൻ പറ്റാത്ത അവസ്ഥയിലുമായി എന്നാണ് കുടുംബം പറയുന്നത്. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവീട്ടുകാരാണ് പിന്നീട് ഇവർക്ക് തുണയായത്. തുടർന്ന് ജനപ്രതിനിധികളെത്തി എല്ലാവരെയും വിളപ്പിൽശാല ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കേൾവിക്കു തകരാർ ഉള്ളതായി കണ്ടെത്തിയത്.

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ

ഇടിമിന്നലിനുള്ള സാധ്യത കൂടുതലും ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്താണ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ താഴെപ്പറയുന്ന മുൻകരുതൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.


ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.


ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.


കുട്ടികൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.


മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.


ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം.


പട്ടം പറത്തുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.


ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടർ ഘടിപ്പിക്കാം.


മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

Previous Post Next Post
WhatsApp