നടുറോഡിൽ ആക്രമിക്കപ്പെട്ട പെൺകുട്ടികളെ സമൂഹ മാധ്യമങ്ങളിൽ അപമാനിച്ച ലീഗ് നേതാക്കൾക്കെതിരെ കേസ്

പരപ്പനങ്ങാടി |  ഏറെ വിവാദമായ തേഞ്ഞിപ്പലം പാണമ്പ്രയിൽ നടുറോഡിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ അപമാനിച്ചതിന് ലീഗ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു.

മുസ്ലീം ലീഗ് തിരൂരങ്ങാടി മുൻസിപ്പൽ കമ്മിറ്റി ട്രഷർ റഫീഖ് പാറക്കൽ, പരപ്പനങ്ങാടിയിലെ യൂത്ത് ലീഗ് നേതാവ് സിക്കന്തർ , തിരൂരങ്ങാടിയിലെ തന്നെ ഹക്ക് കഴുങ്ങും തോട്ടത്തിൽ എന്നിവർക്കെതിരെയാണ് പെൺകുട്ടികൾ നൽകിയ പരാതിയിൽ പരപ്പനങ്ങാടി പോലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ 16 നാണ് തേഞ്ഞിപ്പലം പാണമ്പ്രയിൽ വെച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ പെൺകുട്ടികളെ തിരൂരങ്ങാടിയിലെ മുതിർന്ന ലീഗ് നേതാവിന്റെ മകൻ തടഞ്ഞ് നിർത്തി പരസ്യമായി ആക്രമിച്ചത്.

ആക്രമത്തിനിരയായ പെൺകുട്ടികൾ തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകിയെങ്കിലും നിസ്സാര വകുപ്പ് ചുമത്തി സ്റ്റേഷൻ ജാമ്യം നൽകിയ സംഭവം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ വീണ്ടും പോലീസ് ഇന്നലെ മൊഴിയെടുത്ത് ജാമ്യമില്ല വകുപ്പ് ചുമത്തിയിരുന്നു.

ഇതിനിടെയിലാണ് ലീഗ് നേതാക്കൾ അക്രമത്തെ ന്യായികരിച്ച് കൊണ്ടും, പെൺകുട്ടികളെ സഭ്യമല്ലാത്ത വാക്ക് ചാർത്തിയും സോഷ്യൽ മീഡിയകളിൽ ആക്ഷേപിച്ച് പോസ്റ്റിട്ടത്.

അടിയേക്കാൾ വലിയ ആഘാതം കണക്കെയാണ് ലീഗ് നേതാക്കളുടെ വ്യക്തിഹത്യയെന്ന് ആക്ഷേപിച്ചാണ് ഇന്ന് രാവിലെ പരപ്പനങ്ങാടി എസ്.എച്ച്. ഒ. ഹണി കെ ദാസിന് പെൺകുട്ടികൾ പരാതി നൽകിയതും കേസ്സെടുത്തതും.
Previous Post Next Post
WhatsApp