ഡോ. എം ഗംഗാധരൻ്റെ ഗ്രന്ഥശേഖരം കാലിക്കറ്റ് സർവകലാശാലക്ക്

പരപ്പനങ്ങാടി  | ചരിത്രകാരനും സാഹിത്യ വിമർശകനുമായിരുന്ന ഡോ. എം. ഗംഗാധരൻ്റെ  ഗ്രന്ഥങ്ങളും ചരിത്ര പ്രമാണങ്ങളും കാലിക്കറ്റ് സർവകലാശാല ഏറ്റെടുത്തു. സർവകലാശാലയുടെ അഭ്യർത്ഥന മാനിച്ച് എം.ഗംഗാധരൻ്റെ കുടുംബം ഗ്രന്ഥശേഖരം സംഭാവന നൽകുവാൻ തീരുമാനിക്കുകയായിരുന്നു. സർവകലാശാല വൈസ് ചാൻസലർ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി അഞ്ചപുരയിലെ വീട്ടിലെത്തിയാണ് ഡോ എം ഗംഗാധരൻ്റെ പത്നി യമുനാ ദേവിയിൽ നിന്ന് പുസ്തക ശേഖരം ഏറ്റുവാങ്ങിയത്.

സർവകലാശാല ചരിത്ര വിഭാഗത്തിലാണ് പുസ്തകങ്ങളും രേഖകളും സൂക്ഷിക്കുക. അമൂല്യ രേഖകൾ ഡിജിറ്റൽ ആർക്കൈവ്സ് വഴി ലഭ്യമാക്കും. 
മലബാർ കലാപത്തെ സംബന്ധിച്ച ഗവേഷണ കാലത്ത് എം. ഗംഗാധരൻ  ഉപയോഗിച്ച രേഖകളും പുസ്തകങ്ങളുമാണ് ഏറെ ഉള്ളത്. 1978 ഫെബ്രുവരി 14 ന് എം. ഗംഗാധരൻ മൊയ്തു മൗലവിയുമായി നടത്തിയ അഭിമുഖ രേഖയും കൂട്ടത്തിലുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളുടെ ഖിലാഫത്ത് മൊഴികളടക്കം നാനൂറോളം പുസതകങ്ങൾ സർവകലാശാല ഏറ്റുവാങ്ങി.

പരപ്പനങ്ങാടി അഞ്ചപ്പുരയിൽ നടന്ന ചടങ്ങിൽ ഡോ. വി.വി ഹരിദാസ്, ഡോ.ശിവദാസൻ. പി, ഗവേഷക വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. എം. ഗംഗാധരൻ്റെ പുത്രൻ നാരായണൻ. പി, പുത്രി നളിനി. പി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വൈസ് ചാൻസലർ ഗവേഷകർക്ക് ഉപകരിക്കുന്ന ഗ്രന്ഥങ്ങൾ ഏറ്റുവാങ്ങിയത്.
Previous Post Next Post
WhatsApp