ഏപ്രിൽ 28ന് നടക്കുന്ന ഒന്നാം സെമി ഫൈനലിൽ കേരളത്തിന്‍റെ എതിരാളിയാര്...? മണിപ്പൂരോ ഒഡിഷയോ, അതോ കർണാടകയോ? ഉത്തരം ഇന്ന് വൈകുന്നേരമോ രാത്രിയോ അറിയാം. ഗ്രൂപ്പ് ബിയിലെ രണ്ടാം സെമി ഫൈനലിസ്റ്റിനെ തീരുമാനിക്കുന്ന മത്സരങ്ങളിൽ ഒഡിഷ സര്‍വിസസിനെയും കർണാടക ഗുജറാത്തിനെയും നേരിടും. വൈകുന്നേരം കോട്ടപ്പടി സ്റ്റേഡിയത്തിൽ ഒഡിഷ ജയിക്കുകയോ സമനില പിടിക്കുകയോ ചെയ്താൽ അവസാന നാലിൽ കയറും. ജയിച്ചാൽ പത്ത് പോയന്‍റോടെ ഗ്രൂപ്പ് ജേതാക്കളാവും.
അങ്ങനെയെങ്കിൽ രണ്ടാം സ്ഥാനക്കാരായ മണിപ്പൂരുമായാവും കേരളത്തിന്‍റെ സെമി. സർവിസസുമായി സമനിലയിലാണെങ്കിൽ ഒഡിഷയാവും ആതിഥേയരുടെ എതിരാളികൾ. മണിപ്പൂരിന് ഒമ്പതും ഒഡിഷക്ക് ഏഴും പോയന്‍റാണുള്ളത്. സർവിസസ് ഒഡിഷയെ തോൽപ്പിച്ചാൽ രാത്രി പയ്യനാട്ട് നടക്കുന്ന കർണാടക-ഗുജറാത്ത് മത്സരം തീരുംവരെ കാത്തിരിക്കേണ്ടിവരും.
നാല് പോയന്‍റുള്ള കർണാടക ജയിച്ചാൽ ഏഴാവും. ഒഡിഷയും കർണാടകയും ഒരേ പോയന്‍റിൽ ഫിനിഷ് ചെയ്താൽ ഇരു ടീമും ഏറ്റുമുട്ടിയ ഫലം നോക്കും. ഒഡിഷ-കർണാടക മത്സരം സമനിലയിലാണ് അവസാനിച്ചത്. ഇതോടെ ഗോൾ ശരാശരി പരിശോധിച്ച് സെമി ഫൈനലിസ്റ്റിനെ തീരുമാനിക്കേണ്ടിവരും. ഗുജറാത്തിനെതിരെ വൻ ജയം നേടിയാൽ കർണാടകക്ക് സാധ്യതയുണ്ടെന്ന് ചുരുക്കം.