വൈക്കോല്‍ ഷെഡ്ഡിന് തീ പിടിച്ചു

 മലപ്പുറം | മലപ്പുറം  മുൻസിപ്പാലിറ്റി കീഴിലുള്ള 'പകല്‍' വീട്ടിലെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന വൈക്കോലിന് തീ പിടിച്ചത് ആശങ്കയുയർത്തി.വിവരം കിട്ടിയ ഉടനെ സ്ഥലത്ത് കുതിച്ചെത്തിയ  മലപ്പുറം ഫയർഫോഴ്‌സിന്റ അവസരോചിതമായ ഇടപെടല്‍ വലിയ അപകടമില്ലാതെ തീ അണക്കാന്‍ സഹായിച്ചു. 

 മേൽമുറി വടക്കേപുറത്ത് സ്ഥിതിചെയ്യുന്ന "സ്വയം പ്രഭ ഹോം" എന്ന പകൽ വീടിനോട് ചേർന്ന ഷെഡ്‌ഡിലായിരുന്നു നൂറോളം കെട്ട് വൈക്കോൽ സൂക്ഷിച്ചിരുന്നത്. സമീപത്തുള്ള പനമ്പുഴ മണ്ണാംതൊടി വീട്ടിൽ ഹംസ എന്നയാളുടെ എട്ടോളം പശുക്കളുള്ള ഫാമിനായി സൂക്ഷിച്ച വൈക്കോലിനാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ തീപിടുത്തമുണ്ടായത്. പ്രദേശത്തെ നിരവധി വൃദ്ധജനങ്ങൾ വന്നുപോവുന്ന പകൽവീട്ടിൽ തീപ്പിടിച്ച സമയം ആരുമില്ലാതിരുന്നത് ആശ്വാസമായി. ഇവർ തൊട്ടടുത്ത സ്കൂളിൽ പരീക്ഷക്കായി പോയ സമയത്താണ് തീപിടുത്തമുണ്ടായത്.

 വിവരമറിഞ്ഞ ഉടനെ മലപ്പുറം ഫയർ ഫോഴ്‌സ് യൂണിറ്റ് കുതിച്ചെത്തി തീ നിയന്ത്രണ വിധേയമാക്കി. നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂറോളം പണിപ്പെട്ട് വൈക്കോൽ പൂർണമായും ഷെഡ്‌ഡിൽ നിന്നും മാറ്റിയാണ് തീ പൂർണമായും അണക്കാനായത്. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. പ്രതീഷ്, സേനാംഗങ്ങളായ കെ. നിഷാദ്, ടി. പി. ബിജീഷ്, ടി. കെ നിഷാന്ത്, വി. പി. നിഷാദ്, പി. മുരളി എന്നിവരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
Previous Post Next Post
WhatsApp