ബംഗളൂരു | കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്(39) അന്തരിച്ചു.വ്യോമസേന മരണം സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ചികിത്സയിലിരിക്കെയാണ് അന്ത്യം.ഉത്തര്‍പ്രദേശ് സ്വദേശിയായ വരുണ്‍ സിംഗ് ധീരതയ്ക്കുള്ള ശൗര്യചക്രം നേടിയിട്ടുണ്ട്.
ബെംഗളൂരു :സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തിൽ കലാശിച്ച കൂനൂരിലെ സൈനിക ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിങ് അന്തരിച്ചു. ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽനിന്ന് ബെംഗളൂരുവിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ഇതോടെ ബിപിൻ റാവത്തിനൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രാജ്യത്തിന് അഭിമാനമായിരുന്ന മുഴുവൻ പേരും മരണത്തിന് കീഴടങ്ങി.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവരടക്കം 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇതിൽ വരുൺ സിങ്ങൊഴികെ 13 പേരും സംഭവ സ്ഥലത്ത് മരിച്ചതായി വ്യോമസേന ഔദ്യോഗികമായി അറിയിച്ചിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വരുൺ സിങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർ ചികിത്സയ്ക്കായി ബംഗളൂരുവിലെ സൈനിക ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിച്ചു വരികയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
കിഴക്കൻ ഉത്തർപ്രദേശിലെ ദെവാരിയ ഗ്രാമത്തിലെ സൈനിക കുടുംബത്തിലാണ് വരുൺ സിങ് ജനിച്ചത്. വരുൺ സിങ്ങിന്റെ പിതാവ് റിട്ട. കേണൽ കെ.പി.സിങ് ആർമി എയർ ഡിഫൻസ് റെജിമെന്റിന്റെ ഭാഗമായിരുന്നു. വരുൺ സിങ്ങിന്റെ സഹോദരൻ തനൂജ് സിങ് ഇന്ത്യൻ നാവിക സേനയിൽ ലഫ്റ്റനെന്റ് കമാൻഡറാണ്. സംസ്ഥാന കേൺഗ്രസ് നേതാവ് അഖിലേഷ് പ്രതാപ് സിങ് അദ്ദേഹത്തിന്റെ അമ്മാവനുമാണ്.
ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തിൽ രാജ്യം ശൗര്യചക്ര നൽകി ആദരിച്ചയാളാണ് വരുൺസിങ്. 2020-ൽ ഒരു അടിയന്തരസാഹചര്യത്തിൽ തേജസ്സ് യുദ്ധവിമാനം സുരക്ഷിതമായി ഇറക്കിയതിനായിരുന്നു ഇത്. ബെംഗളൂരുവിൽ വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റായിരുന്നു വരുൺ സിങ്. അടിയന്തിര സാഹചര്യത്തിൽ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് അദ്ദേഹം തജസ്സ് യുദ്ധവിമാനം സുരക്ഷിതമായി ഇറക്കിയത്.
സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിനൊപ്പം ലെയ്സൺ ഓഫീസറായാണ് ഡയറക്ടിങ് സ്റ്റാഫ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അനുഗമിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ് വെല്ലിങ്ടൺ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന് ശസ്ത്രക്രിയക്ക് മുമ്പ് ബോധമുണ്ടായിരുന്നുവെന്നും ഭാര്യയോട് സംസാരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും കുടുംബം വ്യക്തമാക്കി