കോഴിക്കോട് | കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വരികയായിരുന്നയാളുടെ കാർ തടഞ്ഞുനിർത്തി കത്തികാട്ടി കള്ളക്കടത്ത് സംഘം അരക്കിലോ സ്വർണവും പണവും കവർന്നു.
പൂളാടിക്കുന്ന് ജങ്ഷന് സമീപം അത്തോളി റോഡിൽ ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. ദുബായിൽനിന്ന് കരിപ്പൂരിൽ വിമാനമിറങ്ങി നാദാപുരത്തേക്ക് പോവുകയായിരുന്ന വിഷ്ണുമംഗലം കിഴക്കയിൽ ഇല്യാസ് സഞ്ചരിച്ച കാറാണ് നാലംഗസംഘം പിന്തുടർന്ന് പിടികൂടി സ്വർണം കവർന്നത്.
സുഹൃത്ത് മുഹമ്മദ്, സഹോദരൻ ഹുസൈൻ എന്നിവരും കാറിലുണ്ടായിരുന്നു. കറുത്ത കാറിലെത്തിയ സംഘം റോഡിനുകുറുകെ കാർ തടഞ്ഞാണ് സ്വർണം കവർന്നതെന്നാണ് ഇവർ നൽകിയ മൊഴി. ഫോണിലൂടെ നൽകിയ പരാതിയിൽ രണ്ടരപ്പവൻ സ്വർണമാല, ഐഫോണുകൾ, പണം എന്നിവ നഷ്ടമായെന്നായിരുന്നു പോലീസിനോട് പറഞ്ഞത്.
നേരിട്ട് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അരക്കിലോ സ്വർണം നഷ്ടമായെന്ന് ഇവർ മൊഴി തിരുത്തി.
പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരായ എ.വി. ശ്രീജയ, എൻ. സുധീഷ്,സെന്റിഫിക് ഓഫീസർ സിന്ധു എന്നിവർ സ്ഥലത്ത് പരിശോധന നടത്തി. എലത്തൂർ പ്രിൻസിപ്പൽ എസ്.ഐ. കെ.ആർ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തി. സ്വർണം തട്ടിപ്പറിച്ച സംഘത്തെക്കുറിച്ചുള്ള അന്വേഷണം കള്ളക്കടത്ത് സംഘത്തിലേക്കും പോലീസ് വ്യാപിപ്പിക്കും.
പരാതിക്കാരുടെ മൊഴിയിൽ വൈരുധ്യമുള്ളതായി പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. രാവിലെ ആറു മണിയോടെയുണ്ടായ സംഭവം പരാതിക്കാർ മൂന്നു മണിക്കൂറിലേറെ വൈകിയാണ് പോലീസിൽ നേരിട്ടെത്തി രേഖാമൂലം അറിയിക്കുന്നത്.