പരപ്പനങ്ങാടി | കെ റെയിൽ - ആശങ്കകൾ അസ്ഥാനത്തല്ലെന്നും അതിന്റെ പരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങളും ജനങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കഷ്ട നഷ്ടങ്ങളും ആശങ്കാജനകം തന്നെയാണെന്നും കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഈ വസ്തുതകൾ ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇ. ടി. മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിലുള്ള കെ-റെയിൽ സമരസമിതി നിവേദക സംഘത്തിനോടാണ് റെയിൽവേ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
550 ലേറെ കിലോ മീറ്റർ നീളത്തിൽ 11 ജില്ലകളിലൂടെ കടന്നു പോകുന്ന ഈ പദ്ധതിയിലൂടെ കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ് ഉണ്ടാകാൻ പോകുന്നതെന്ന് നിവേദക സംഘം മന്ത്രിയോട് വിശദീകരിച്ചു. ഇരുപതിനായിരത്തിലധികം കുടുംബങ്ങൾ വഴിയാധാരമാകുമെന്നും, അമ്പതിനായിരത്തിലധികം കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടി വരുകയും ചെയ്യുമെന്ന കാര്യം നിവേദക സംഘം മന്ത്രിയെ ധരിപ്പിച്ചു.
എസ്റ്റിമേറ്റ് തയ്യാറാക്കിയതിലും, ഇതിനു വേണ്ടി മുടക്കുന്ന സംഖ്യയും അതിൽ നിന്ന് ലഭിക്കുന്ന പ്രയോജനവും തമ്മിൽ നോക്കിയാൽ വലിയ തോതിലുള്ള പൊരുത്തക്കേട് ഉണ്ടെന്നും നിവേദനത്തിൽ ചൂണ്ടി കാണിച്ചു.
കേന്ദ്ര ഗവണ്മെന്റിന്റെ അനുമതി ലഭിക്കുന്നതിനു മുൻപ് തന്നെ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ആരംഭിച്ചു കൊണ്ട് നിഷേധാത്‍മക നിലപാടാണ് ഇക്കാര്യത്തിൽ കേരള ഗവണ്മെന്റ് എടുത്തിട്ടുള്ളെതന്നും സംഘം മന്ത്രിയെ ധരിപ്പിച്ചു കെ പി. എ. മജീദ് എംഎൽഎ,
പരപ്പനങ്ങാടി നഗര സഭ ചെയർമാൻ എ.ഉസ്മാൻ,അഡ്വ.അബൂബക്കർ ചെങ്ങാട്ട് , അബ്ദുൽ സലാം തുടങ്ങിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.