ബെംഗളൂരു | ഇലക്ട്രോണിക് സിറ്റിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 മലയാളി യുവാക്കൾ മരിച്ചു.
വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംക്കോട്ടിൽ കെ.യു ജോസിന്റെ മകൻ ജിതിൻ ജോസ് (27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെ മകൻ സോനു സോണി (27) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ഇലക്ട്രോണിക് സിറ്റി ടോൾ ബൂത്തിനു സമീപത്തെ സർവീസ് റോഡിലായിരുന്നു അപകടം.
ഹുസ്കൂർ ഗേറ്റിലെ താമസസ്ഥലത്തേക്കു മടങ്ങുമ്പോൾ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു തൽക്ഷണം മരിച്ചു. ജിതിനെ ഹെബ്ബഗോഡിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സിസിടിവി സർവീസ് സെന്റർ ഉടമയാണ് ജിതിൻ. ജിതിന്റെ മൃതദേഹം സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്കു കൊണ്ടുപോയി.
ജിതിന്റെ സംസ്കാരം ഇന്ന് (21-12-2021- ചൊവ്വ) രാവിലെ 10.30-ന് മാനന്തവാടി പുതിയിടം ചെറുപുഷ്പം പള്ളിയിൽ.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച സോനു.
മാതാവ്: മിനി. സഹോദരങ്ങൾ: മിനു, സിനു .