രാജ്യത്ത് രണ്ടാമത്തെ ഒമിക്രോണ്‍ മരണം; മരിച്ചത് രാജസ്ഥാനിലെ ഉദയ്പുര്‍ സ്വദേശി

  ജയ്പുർ | രാജസ്ഥാനിലെ ഉദയ്പുറിൽ രാജ്യത്തെ രണ്ടാമത്തെ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ സ്ഥരീകരിച്ച 73-കാരനായ വ്യക്തിക്ക് രക്താതിസമ്മർദ്ദവും പ്രമേഹവും ബാധിച്ചിരുന്നു. ഈ മാസം 21-ന് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. 25 വീണ്ടും കോവിഡ് പോസിറ്റീവ് ആകുകയും ഓമിക്രോൺ സ്ഥിരീകരിക്കുകയുമായിരുന്നു. കോവിഡാനന്തര ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മഹാരാഷ്ട്രയിലാണ് രാജ്യത്തെ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചത്. പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷന്റെ യശ്വന്ത്റാവു ചവാൻ ആശുപത്രിയിൽ ചികിത്സിലായിരുന്ന നൈജീരിയിൽ നിന്നെത്തിയ 52-കാരൻ കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിൽ മരിച്ചത്. പിന്നീട് നടന്ന പരിശോധനയിൽ ഒമിക്രോൺ സ്ഥിരീകരിക്കുകയായിരുന്നു.

ഹൃദസ്തംഭനം മൂലമാണ് മരണമെന്നായിരുന്നു ആദ്യ പരിശോധനയിൽ കണ്ടെത്തിയത്. നാഷണൽ ഇൻസ്റ്റിറ്റിറ്യൂട്ട് ഓഫ് വൈറോളജിയിൽ ഇദ്ദേഹത്തിന്റെ സാമ്പിൾ അയച്ചിരുന്നു. ഈ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കഴിഞ്ഞ 13 വർഷമായി ഇദ്ദേഹം പ്രമേഹബാധിതനായിരുന്നുവെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഇതിനിടെ രാജ്യത്ത് 16,764 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ 23 സംസ്ഥാനങ്ങളിലായി 1270 ഒമിക്രോൺ ബാധിതരാണുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത്. 450 പേർക്കാണ് ഇവിടെ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. ഡൽഹിയിൽ 320 പേർക്കും ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 91,361 സജീവ രോഗികളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,48,38,804 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 220 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,81,080 ആയി.
Previous Post Next Post
WhatsApp