ബസ് ബൈക്കിലിടിച്ച് യുവ ദമ്പതികൾ മരണപ്പെട്ടു

ചാവക്കാട് | ദേശീയപാതയിൽ ചേറ്റുവ സ്കൂളിന് സമീപം ബസ് ബൈക്കിലിടിച്ച് യുവദമ്പതിമാർ മരണപ്പെട്ടു.ബൈക്കിൽ യാത്രചെയ്തിരുന്ന ചാവക്കാട് അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി വലിയകത്ത് കോയുണ്ണിയുടെയും ഫാത്തിമയുടെയും മകൻ മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവെബ (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. ഏങ്ങണ്ടിയൂർ സനാതന പ്രവർത്തകർ ഉടനെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സഹോദരിയുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട യാത്ര കഴിഞ്ഞ് ചാവക്കാട്ടേക്ക് ബൈക്കിൽ മടങ്ങിവരുകയായിരുന്നു ഇരുവരും. കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലോടുന്ന അലീനാസ് ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ബസും ചാവക്കാട് ഭാഗത്തേക്ക് വരുകയായിരുന്നു.

എതിരേനിന്ന് വരുകയായിരുന്ന മറ്റൊരു വാഹനം ബൈക്കിന്റെ ഹാൻഡിലിൽ ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് ഇടത്തുകൂടെ പോയിരുന്ന ബസിനടിയിലേക്കു മറിയുകയും ഇരുവരുടെയും ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയുമായിരുന്നു.

Previous Post Next Post
WhatsApp