തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടം നാളെ (വെള്ളിയാഴ്ച). കോഴിക്കളിയാട്ട ദിവസം കളിയാട്ടക്കാവിലെത്തുന്ന പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രം വലംവെച്ച ശേഷം ആചാരപരമായി പൊയ്ക്കുതിരകളെ തല്ലിത്തകർക്കും. കളിയാട്ടത്തോടനുബന്ധിച്ച് നടക്കാറുള്ള കാർഷിക ചന്തയ്ക്കും തുടക്കമായി.
മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനംകുറിക്കുന്ന കളിയാട്ടം മതസൗഹാർദവും സാഹോദര്യവും വിളിച്ചോതി ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമാണ്. കോഴിക്കളിയാട്ടത്തിന് പൊയ്ക്കുതിരകളുമായി ആയിരങ്ങൾ നാളെ കളിയാട്ടക്കാവിലെത്തും.