മലപ്പുറം | കുറച്ചുവര്‍ഷം കൊണ്ട് കുടിലില്‍ നിന്ന് കോടീശ്വരനിലേക്ക് എത്തിയ ഷൈബിന്‍ അഷ്‌റഫിന്റെ വളര്‍ച്ച ദുരൂഹം. ഒറ്റമൂലി വൈദ്യന്‍ ഷാബാ ഷെരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്ന് ഒന്നര വര്‍ഷം തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പിടിയിലായത് ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലില്‍നിന്നാണു കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ 350 കോടി രൂപയുടെ ആസ്തിയുള്ളയാളായി ഷൈബിന്‍ അഷ്‌റഫ് വളര്‍ന്നത്.
കുറച്ചുകാലം ബത്തേരിയില്‍ ലോറിയിലെ ക്ലീനറായിരുന്നു ഷൈബിന്‍. ഇടയ്ക്ക് ഓട്ടോറിക്ഷയും ഓടിച്ചിരുന്നു. അതിനിടെ, മാതാവ് ജോലി തേടി ഗള്‍ഫിലേക്കു പോയി. ആ ബന്ധങ്ങള്‍ ഉപയോഗിച്ചാണു ഷൈബിനും ഗള്‍ഫിലെത്തിയത്. പിന്നീട് വളരെ വേഗം സാമ്പത്തികമായി ഉയര്‍ന്നതാണ് നാട്ടുകാരുടെ ഇടയില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്.
മൈതാനിക്കുന്നിലെ കുടിലില്‍നിന്ന് ബത്തേരി നഗരത്തിലെ മാനിക്കുനിയിലെയും മന്തൊണ്ടിക്കുന്നിലെയും വലിയ വാടകവീടുകളിലേക്കു കുടുംബം താമസം മാറി. 7 വര്‍ഷം മുന്‍പ് ബത്തേരി പുത്തന്‍കുന്നില്‍ ഊട്ടി റോഡരികില്‍ ആഡംബരവസതിയുടെ നിര്‍മാണം ആരംഭിച്ചു. ചോദിച്ചവരോടെല്ലാം അബുദാബിയില്‍ അറബിക്കൊപ്പം ഡീസല്‍ കച്ചവടമെന്നാണു പറഞ്ഞത്. കാര്യമായ സമ്പാദ്യമില്ലാതിരുന്ന ഷൈബിന് ഇന്ധന ബിസിനസിലേക്കിറങ്ങാന്‍ പണം എങ്ങനെ കിട്ടി എന്ന് നാട്ടുകാര്‍ ചോദിക്കുന്നു. ഹൂതി വിമതര്‍ക്ക് ഇന്ധനം എത്തിക്കലായിരുന്നു ഇടപാട് എന്നു പറയപ്പെടുന്നു.
നാട്ടിലെ കുറെ ചെറുപ്പക്കാരെ ഒപ്പം കൂട്ടിയ ഇയാൾ ഇവരിൽ പലരെയും വിദേശത്തു കൊണ്ടുപോയി. വിശ്വസ്തർക്ക് കാറും ബൈക്കും സമ്മാനിച്ചു. ചിലർക്ക് വയനാട്ടിൽ മീൻകടകളും സജ്ജീകരിച്ചു നൽകി.
ബത്തേരി പൊലീസിന്റെ ഗുണ്ടാ പട്ടികയിലുള്ള സീസിങ് ജോസിന്റെ സംഘവുമായുള്ള അടിപിടികളിലൂടെ ഷൈബിൻ ക്വട്ടേഷൻ ബന്ധങ്ങളും തുടങ്ങി. നാട്ടിൽ ഷൈബിന്റെ ഉറ്റവരായി 30 പേരാണുണ്ടായിരുന്നത്. ഇവരെ പല ബിസിനസുകളും ഏൽപിച്ചു. ഇഞ്ചിക്കൃഷിയിലും കുരുമുളക്, മീൻ, തുണി കച്ചവടത്തിലും പണം ഇറക്കി. അക്കാലത്തുതന്നെ സംഘാംഗങ്ങളിൽ പലരും ഷൈബിനെതിരെ തിരിഞ്ഞുതുടങ്ങി. എന്നാൽ, ഉപദ്രവം ഭയന്നും കേസിൽപെടുത്തുമെന്ന ഭീഷണിക്കു വഴങ്ങിയും അവരെല്ലാം പിൻവാങ്ങി.
അതിനിടെ ഷൈബിനെ വൃക്കരോഗം അലട്ടിത്തുടങ്ങി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ബിസിനസിൽ സജീവമായപ്പോഴാണ് അബുദാബിയിൽ കേസിൽപെടുന്നത്. 2 വർഷത്തോളം അവിടെ ജയിലിൽ കഴിഞ്ഞു. കേസിൽ കുടുങ്ങിയതോടെ വയനാട്ടിലെ വീടുപണി നിലച്ചു