വിസ്മയയുടെ ആത്മഹത്യ; കിരൺ കുമാറിന് 25 വര്‍ഷം തടവ്


സമൂഹത്തിന് പാഠമാകണമെന്ന് പ്രോസിക്യൂഷന്‍

രാജ്യത്തെ ആദ്യ സ്ത്രീധന മരണമല്ലെന്ന് പ്രതിഭാഗം

കൊല്ലം- നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് 25 വര്‍ഷം തടവ്. വിവിധ വകുപ്പുകളിലായാണ് ഇത്രയും തടവ് പ്രഖ്യാപിച്ചത്. മുഴുവന്‍ കുറ്റങ്ങളിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല് മതി. അതായത്, പത്തുവര്‍ഷത്തെ ജയില്‍ ശിക്ഷയാണ് അനുഭവിക്കേണ്ടി വരിക. പന്ത്രണ്ടര ലക്ഷം രൂപ പിഴയും നല്കാന്‍ കോടതി വിധിച്ചു.  രാജ്യം ഉറ്റുനോക്കിയ കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. തന്റെ പ്രായം പരിഗണിക്കണമെന്നും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും കിരൺ കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടു. രാജ്യത്ത് സ്ത്രീധനത്തിന്റെ പേരിൽ ആദ്യമായി സംഭവിക്കുന്ന ആത്മഹത്യയല്ല വിസ്മയയുടേത് എന്നും പ്രതിഭാഗം അഭിഭാഷകർ അവകാശപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കരുത്, ആത്മഹത്യ കൊലപാതകത്തിന് തുല്യമല്ല, പ്രതി ജീവപര്യന്തത്തിനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും ലോകത്ത് എവിടെയും ആത്മഹത്യക്ക് ജീവപര്യന്തം നൽകിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. 
രാജ്യം ഉറ്റുനോക്കുന്ന വിധിയാണെന്നും ഈ വിധി സമൂഹത്തിന് മാതൃകയാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സ്ത്രീധനത്തിന് വേണ്ടി ഭാര്യയെ നിലത്തിട്ട് ചവിട്ടി, പ്രതിയോട് സമൂഹം ക്ഷമിക്കില്ല, മാനസാന്തരം സംഭവിക്കേണ്ടത് ജയിലിലാണ്, ഇത് വ്യക്തിക്കെതിരായ കുറ്റമല്ലെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 
Previous Post Next Post
WhatsApp